കൊച്ചി: തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ പരിപാടിയുടെ സമാപന ദിവസത്തിൽ എറണാകുളം കളക്ടർ സ്കൂൾ കുട്ടികൾക്കായി അവധി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോൾ ഇതിനെതിരെ പരാതിയുമായി സ്കൂൾ വിദ്യാർഥിനികളുടെ രക്ഷിതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്. പ്രാദേശിക അവധി നല്കാത്തതിനേത്തുടർന്ന് വിദ്യാർഥിനികളുൾപ്പെടെ ദുരിതത്തിലായെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ബസ്സൊന്നും ഓടാത്തതിനാൽ രാത്രിവരെ ബസ് സ്റ്റോപ്പിൽ തന്റെ കുട്ടി ഒറ്റയ്ക്ക് നിൽക്കേണ്ടിവന്ന സങ്കടവും ആശങ്കയും പങ്കുവെച്ച് പിതാവ് കൗൺസിലർക്കൊപ്പം നഗരസഭയിലെത്തി പരാതിപ്പെട്ടു. തൃക്കാക്കര നഗരസഭയുടെ ഓണം ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയാണ് കാക്കനാട്ടെ നിരവധി വിദ്യാർഥികളെ എറണാകുളത്ത് കുടുക്കിയത്.
നാലുമണിക്ക് സ്കൂൾ വിട്ടെങ്കിലും മോള് വീട്ടിലെത്തിയത് രാത്രി ഒമ്പതുമണിക്കാണെന്നായിരുന്നു എന്നാണ് എറണാകുളം സൗത്ത് ഗേൾസ് സ്‌കൂളിൽ പഠിക്കുന്ന മറ്റൊരു ഒമ്പതാംക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ നഗരസഭയിലെത്തി പരാതിപ്പെട്ടത്.
എന്നാൽ പ്രാദേശിക അവധി നൽകണമെന്ന് ജില്ലാ കളക്ടറോട് രേഖാമൂലം അഭ്യർഥിച്ചിരുന്നതായി നഗഗസഭ വ്യക്തമാക്കി. നേരിൽ കണ്ട് പറഞ്ഞപ്പോൾ അവധി നൽകാമെന്ന് കളക്ടർ പറഞ്ഞതായും നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പഫറഞ്ഞു. എല്ലാത്തവണയും പരിപാടി നടക്കുമ്പോൾ നഗരസഭാ പരിധിയിൽ കളക്ടർ അവധി പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണ പ്രഖ്യാപിച്ചില്ലെന്നും ചെയർപേഴ്സൺ തുറന്നടിച്ചു.
വ്യാഴാഴ്ച ചെമ്പുമുക്ക് നിന്ന് നാലോടെ ഘോഷയാത്ര ആരംഭിക്കും മുൻപേ കാക്കനാട് സിവിൽലൈൻ റോഡിൽ ജനം നിറഞ്ഞിരുന്നു. ഇതോടെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് കാക്കനാട്ടേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെക്കുകയായിരുന്നു. ഇതാണ് വിദ്യാർഥികളെ വലച്ചത്.