പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74-ാം ജന്മദിനം.ഇന്ന് ഒഡിഷയിലെത്തുന്ന മോദി വനിതകള്‍ക്ക് 5 വര്‍ഷത്തേക്ക് അരലക്ഷം രൂപ നല്‍കുന്ന സുഭദ്ര യോജന പദ്ധതികള്‍ പ്രഖ്യാപിക്കും.
ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നുവട്ടം തുടര്‍ച്ചയായി പ്രധാനമന്ത്രിയായെന്ന നേട്ടം നരേന്ദ്രമോദിക്ക് സ്വന്തം. ഒരു നേതാവെന്ന നിലയില്‍ നരേന്ദ്ര മോദി രാജ്യത്തിന്റെ മാറ്റത്തിന്റെ ഉത്തേജകശക്തികളില്‍ ഒരാളാണ്. 2014-ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മുതല്‍ സാമ്പത്തിക ചലനാത്മകതയ്ക്കും ദേശീയ സുരക്ഷയ്ക്കും ശുചിത്വത്തിനും മികച്ച പരിഗണന നല്‍കുന്ന പുതിയ ഇന്ത്യയെപ്പറ്റിയുള്ള വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യവികസനത്തിനും ഡിജിറ്റല്‍ സാക്ഷരതയ്ക്കും രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഊന്നല്‍ നല്‍കുകവഴി ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധമാണ് മോദി പകരുന്നത്. 1950 സെപ്തംബര്‍ 17ന് ഗുജറാത്തിലെ വഡ്നഗറിലായിരുന്നു മോദിയുടെ ജനനം. ചെറുപ്പം മുതല്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അംഗമായിരുന്ന മോദി 1987ല്‍ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായതോടെയാണ് ജനശ്രദ്ധയിലെത്തിയത്. കഠിനാധ്വാനം കൊണ്ടും ആത്മാര്‍പ്പണം കൊണ്ടും പാര്‍ട്ടിയില്‍ പടിപടിയായി ഉയര്‍ന്ന മോദി 2001 മുതല്‍ 2014 മേയ് 16 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി.
2014ല്‍ പ്രധാനമന്ത്രിയായശേഷം നടപ്പാക്കിയ നോട്ട് നിരോധനം കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയെങ്കില്‍ ശുചിത്വ പ്രചാരണമായ സ്വച്ഛ് ഭാരത് അഭിയാന്‍ വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 2019ല്‍ രണ്ടാംവട്ടവും കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാര്‍ ജമ്മുകശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതും പൗരത്വഭേദഗതി നിയമവും പ്രതിഷേധങ്ങള്‍ക്കിടയാക്കി. മോദിയുടെ ഗ്യാരണ്ടിയില്‍ ബിജെപി മത്സരിച്ച 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തില്‍ ബിജെപിയെ എത്തിക്കുന്നതില്‍ പരാജയപ്പെട്ടത് മോദിയുടെ തിളക്കം കുറച്ചിട്ടുണ്ടെങ്കിലും വികസനപ്രവര്‍ത്തനങ്ങളിലൂടെ അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് മോദി.