സംസ്ഥാനത്ത് നിപ രോഗബാധ ആവര്‍ത്തിക്കപ്പെടുമ്പോഴും സ്രവപരിശോധന വേഗത്തിലാക്കാനും ഗവേഷണത്തിനുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ലാബ് ഇതുവരേയായിട്ടും നടപ്പിലാക്കാനായില്ല. ബയോ സേഫ്റ്റി ലെവല്‍ ത്രീ ലാബിനൊപ്പം ഐസോലേഷന്‍ ബ്ലോക്ക് പദ്ധതിയും പൂര്‍ത്തീകരിച്ചിട്ടില്ല. ആരോഗ്യമേഖലയെ മുള്‍മുനയിലാക്കിയ 2018 ലെ നിപ ബാധയ്ക്ക ശേഷം ആറാം തവണയാണ് സംസ്ഥാനം നിപയുടെ ഭീതിയിലാകുന്നത്.സ്രവപരിശോധനയ്ക്കുള്ള ബയോ സേഫ്റ്റി ലെവല്‍ 2 ലാബ് സംവിധാനമാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ളത്. ഈ ലാബില്‍ നിപ ഉള്‍പ്പെടെയുള്ളവയുടെ ടെസ്റ്റുകള്‍ നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ സുരക്ഷിതത്വത്തോടെ കൃത്യം സ്രവ പരിശോധനക്കൊപ്പം വൈറസ് കള്‍ച്ചര്‍, കിറ്റ് ഡെവലപ്പ്, ഗവേഷണം തുടങ്ങിയ വലിയ സൗകര്യങ്ങളുള്ള സംവിധാനമാണ് ബയോ സേഫ്റ്റി ലൈവല്‍ 3 ലാബ് സംവിധാനം. കഴിഞ്ഞ തവണ നിപ്പ സ്ഥിരീകരിച്ചപ്പോള്‍ ഐസിഎംആര്‍ ലെവല്‍ 3 ലാബ് മൊബൈല്‍ യൂണിറ്റ് സംവിധാനം കോഴിക്കോട്ടെത്തിച്ചിരുന്നു. ഐസിഎംആര്‍ മാനദണ്ഡപ്രകാരം അന്തിമ രോഗസ്ഥിരീകരണം വരേണ്ടത് പുണെ എന്‍ഐവിയില്‍ നിന്നാണെങ്കിലും ലെവല്‍ 3 ലാബില്‍ നിന്നും വേഗത്തില്‍ കൃത്യമായ പരിശോധനഫലം ലഭിക്കുന്നത് പ്രതിരോധ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ സഹായിക്കും. നിപ ആദ്യം സാന്നിധ്യമറിയിച്ച 2018 ല്‍ പ്രഖ്യാപിക്കപ്പട്ട പദ്ധതിയായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലെവല്‍ 3 ലാബ്. ഐസിഎംആര്‍ 2019 തില്‍ ഇതിനായി അഞ്ചരക്കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് 11 കോടിയായി എസ്റ്റിമേറ്റ് ഉയര്‍ത്തി. സ്ഥലവും ഭരണാനുമതിയും ലഭിച്ച് അഞ്ച് വര്‍ഷമായിട്ടും കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയാക്കാനായിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മൈക്രോബയോളജി മേധാവി പ്രതികരിച്ചു.ലാബിനൊപ്പം പ്രഖ്യാപിക്കപ്പെട്ട മറ്റൊരു പദ്ധതിയായ ഐസൊലേഷന്‍ ബ്ലോക്ക് സംവിധാനവും പൂര്‍ത്തികാരിക്കാനായിട്ടില്ല. നിലവില്‍ വൈറസ് ബാധ സംശയിക്കുന്നവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലികമായി ഒരുക്കുന്ന ഐസോലേഷന്‍ വാര്‍ഡുകളിലാണ് പ്രവേശിപ്പിക്കാറുള്ളത്. ഇതിന് പരിഹാരമായ ഐസോലേഷന്‍ ബ്ലോക്കിന് നേരത്തെ തന്നെ സ്ഥലവും ഭരണാനുമതിയും ലഭിച്ചിരുന്നെങ്കിലും നിര്‍മ്മാണം തുടങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *