ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ നൗഷേരയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു വയസുകാരി ഉള്‍പ്പെടെ നാലു മരണം. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് നൗഷേരയിലെ പടക്ക നിര്‍മാണശാലയില്‍ ഉഗ്രസ്ഫോടനമുണ്ടായത്. മീര ദേവി(45), അമന്‍(20), ഗൗതം കുഷ്വാഹ(18), കുമാരി ഇച്ച(മൂന്ന്) എന്നിവരാണു സംഭവത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തുപേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്നു പുറത്തെടുത്തു. ഇനിയും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സൂചന. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.