വാഷിംഗ്ടൺ: റഷ്യ ഉപരോധ ബിൽ പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അനുവാദം നൽകാം. ബിൽ പാസായത് 159-നെതിരെ 262 വോട്ടിന്. ബില്ലിൽ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. ലിൻഡ്സി ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്റ് ഇറാൻ ആക്ട് ഓഫ് 2026 എന്നാണ് ബില്ലിന്റെ പേര്. ബിൽ കഴിഞ്ഞ മാസം 11നെതിരെ 86 വോട്ടുകൾക്ക് സെനറ്റിൽ പാസാക്കിയിരുന്നു.
അതേസമയം അമേരിക്കയുടെ റഷ്യൻ ഉപരോധ ബിൽ ഇന്ത്യയ്ക്ക് കനത്ത പ്രത്യാഘാതത്തിന് സാധ്യത. ബില്ലിൽ ഡൊണാൾഡ് ട്രംപിന്റെ നിലപാട് നിർണായകമാകും. 100 ശതമാനം തീരുവ ഏർപ്പെടുത്തിയാൽ നീക്കം വ്യാപാര കരാറിനെ ദുർബലമാക്കും. ഇന്ത്യൻ വ്യാപാരികളും കർഷകരും കടുത്ത തിരിച്ചടി നേരിടും. പണപ്പെരുപ്പം വർധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കേണ്ടി വന്നാൽ ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും.
തീരുവ ഏർപ്പെടുത്തുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചിലവ് വർദ്ധിപ്പിക്കും. ഇതോടെ രൂപയുടെ മൂല്യം വീണ്ടും ഇടിയും. എണ്ണ വിലയും വ്യാവസായിക ചെലവും വർദ്ധിക്കും. തീരുവ നയം ഇന്ത്യ അമേരിക്ക നയതന്ത്ര വ്യാപാര ബന്ധത്തിൽ തർക്കങ്ങൾ ഉണ്ടാക്കും. ബിൽ നിയമമായാൽ ഇന്ത്യയ്ക്കുമേൽ 100% തീരുവ പ്രാബല്യത്തിൽ വരുന്നില്ല. നീക്കങ്ങൾ നിരീക്ഷിച്ച് വരികയാണ് ഇന്ത്യ.
