റിപ്പോർട്ടർ ടിവിയ്ക്ക് എതിരായ കടന്നാക്രമണത്തിൽ സർക്കാരിനെ രൂക്ഷമായി വിമ‍ർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. മാനേജ്മെന്റ് എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ആ തരത്തിൽ എടുക്കണം അല്ലാതെ ഏതെങ്കിലും പഴുത് ഉപയോഗിച്ച് മാധ്യമ സ്ഥാപനത്തെ ആക്രമിക്കാൻ പാടില്ലെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

മെസ്സി വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണമെങ്കിൽ അത് അതിന്റേതായ രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. അതിനായി റിപ്പോർട്ടർ ചാനൽ ഓഫീസിൽ അതിക്രമിച്ചു കയറിയത് തെറ്റായ നടപടിയാണെന്ന് എം.എ. ബേബി ചൂണ്ടിക്കാണിച്ചു. കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിൽ യാതൊരു ആക്ഷേപവുമില്ലെങ്കിലും, മാധ്യമ സ്ഥാപനത്തിന് നേരെ നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ, ജി. സുധാകരനെ പാർട്ടിയിലേക്ക് തിരികെ ക്ഷണിക്കുന്നത് സംബന്ധിച്ച ചോദ്യത്തോടും എം.എ. ബേബി പ്രതികരിച്ചു. സിപിഐഎമ്മിലേക്ക് കൂടുതൽ ആളുകളെ സ്വാഗതം ചെയ്യുമെന്നും പാർട്ടി വിട്ടുപോയി പിന്നീട് മടങ്ങി വന്ന നിരവധി പേരുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ പാർട്ടിയെ ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തമാണെന്നും, അവർ തെറ്റ് തിരുത്തി മടങ്ങിവരാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ അപ്പോൾ അക്കാര്യം പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *