തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷതാപനില ഉയർന്നു. കൊല്ലം പുനലൂരിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം സിറ്റിയിൽ 35.4 ഡിഗ്രി സെൽഷ്യസും പാലക്കാട് 35.2 ഡിഗ്രി സെൽഷ്യസും കോഴിക്കോട് സിറ്റിയിൽ 35.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. വയനാട്ടിൽ 54 ശതമാനവും ഇടുക്കിയിൽ 47 ശതമാനവുമാണ് മഴക്കുറവ്.
അതേസമയം, അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബർ 18 ഇടുക്കി ജില്ലയിലും, സെപ്റ്റംബർ 19 മലപ്പുറം, കോഴിക്കോട് ജില്ലകളിലും, സെപ്റ്റംബർ 20 കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
