കണ്ണൂർ പാനൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി ഷിജു. ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതാണ് പ്രകോപന കാരണമെന്നും കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഷിജു പറഞ്ഞു.

സ്വന്തം മകളെയും ഭാര്യയെയും പുഴയിലേക്ക് തള്ളിയിട്ടെന്നും എന്നാൽ കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഷിജു പൊലീസിനോട്പറഞ്ഞു .ഭാര്യയുടെ സ്വർണം ബാങ്കിൽ പണയപ്പെടുത്തിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള മനോവിഷമമാണ് സോനയെ പുഴയിലേക്ക് തള്ളിയിടാൻ കാരണം. സോന ബഹളംവച്ചതോടെ പ്രദേശത്തേക്ക് ആളുകൾ എത്തി. തുടർന്ന് അവിടെ നിന്നു രക്ഷപ്പെട്ടു. ആദ്യം ഓട്ടോ മാർഗം തലശേരിയിലേക്കും പിന്നീട്ട് ബസ് മാർഗം മാനന്തവാടിയിലേക്കും പോയതായി ഷിജു പൊലീസിനോട് പറഞ്ഞു.

ഇന്നലെ ഉച്ചയോടെ മട്ടന്നൂരിൽ എത്തിയ ഷിജു ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിരുന്നു. നാട്ടുകാരാണ് ഇയാളെ പൊലീസിൽ ഏൽപിച്ചത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കതിരൂർ പൊലീസ് ഉടനടി കസ്റ്റഡി അപേക്ഷ നൽകും. പുഴയിൽ വീണ് മരിച്ച അൻവിതയുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. രക്ഷപ്പെട്ട സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *