ചൊവ്വാഴ്ച സന്നിധാനത്ത് നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേ ഉണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി.മേൽശാന്തി നിയമനം ഈ കേസിന്റെ അന്തിമ വിധിക്ക് അനുസരിച്ചാകുമെന്നും കോടതി വ്യക്തമാക്കി. മാവേലിക്കര സ്വദേശി എൻ. വിഷ്ണു നമ്പൂതിരി നൽകിയ ഹർജിയിൽ ദേവസ്വം ബോർഡിന് സുപ്രിം കോടതി നോട്ടീസ് അയച്ചു.രണ്ട് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ ബോർഡിനോട് കോടതി നിർദേശിച്ചു. ദീപാവലി അവധിക്ക് ശേഷം വിഷ്ണു നമ്പൂതിരിയുടെ ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ കൃഷ്‌ണ മുരാരി, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.അപേക്ഷ സമർപ്പിക്കാൻ നിർദേശിക്കപ്പെട്ട ഫോർമാറ്റിൽ പ്രവർത്തന പരിചയ സർട്ടിഫിക്കറ്റ് ഉൾപ്പടെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജിക്കാരന്റെ അപേക്ഷ തള്ളിയത്.എന്നാൽ ബോർഡിന്റേത് അല്ലാത്ത ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് അപേക്ഷ നൽകാൻ കഴിയാത്ത തരത്തിലാണ് അപേക്ഷാ ഫോം തയ്യാറാക്കിയത് എന്നായിരുന്നു ഹർജിക്കാരാനായ വിഷ്ണു നമ്പൂതിരിയുടെ വാദം. ഒന്നാം തീയതിയായ നാളെ പുലർച്ചെ അഞ്ചുമണിക്ക് നട തുറന്ന് പൂജകൾക്ക് ശേഷം രാവിലെ 7:30ന് പുതിയ ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ആദ്യം ശബരിമല മേൽശാന്തി നറുക്കെടുപ്പ് ആണ് നടക്കുക. തുടർന്ന് മാളികപ്പുറത്ത് മേൽശാന്തിയെ തിരഞ്ഞെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നുള്ള കൃത്രികേഷ് വർമ്മയും പൗർണമി വർമ്മയും ആണ് മേൽശാന്തി മാരെ നറുക്കെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *