കണ്ണൂർ എ ഡിഎമ്മായിരുന്ന നവീൻ ബാബുവിന് പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പ് . അവസാനമായി നവീനെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളില്‍ പലരും ദുഃഖം സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു. വിതുമ്പിക്കരഞ്ഞുകൊണ്ടാണ് മുന്‍ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിച്ചത്.

നവീന്‍ ഒരു പാവത്താനായിരുന്നുവെന്നും മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ദിവ്യ പ്രതികരിച്ചു. “ഒറ്റക്കുടുംബമായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു വീട്ടില്‍ കഴിയുന്നത് പോലെയാണ് ഞങ്ങള്‍ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമെല്ലാം. ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളൊന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങളുടെ കൂടെ നിര്‍ലോഭം പ്രവര്‍ത്തിച്ചയാളാണ്, ഒരു പാവത്താനാണ്. ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാനാവാത്ത ആരോടും മുഖം കറുപ്പിക്കാനാവാത്ത എപ്പോഴും ഒരു ചെറിയ മന്ദസ്മിതത്തോടെ മാത്രമായിരുന്നു നവീനെ കണ്ടിരുന്നത്. കാസര്‍കോട്ടേക്ക് ഡെപ്യൂട്ടി കളക്ടറായി പ്രൊമോഷന്‍ കിട്ടിയപ്പോള്‍ കലക്ടറേറ്റില്‍ വെച്ചാണ് അവസാനമായി നവീനെ കാണുന്നത്. അന്ന് ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോയൊക്കെ എടുത്തു, പിന്നെ കണ്ടിട്ടില്ല. മെസേജ് അയച്ചിരുന്നു. നവീന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല” ദിവ്യ പ്രതികരിച്ചു.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവിവരം പുറത്തുവന്ന ദിവസം ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വൈകാരികമായ കുറിപ്പ് ദിവ്യ എസ് അയ്യര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വിശ്വസിക്കാനാകുന്നില്ല നവീനേ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. “എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കര്‍മ്മനിരതനായി ഈ ചിത്രങ്ങളില്‍ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍…അമ്മ മരണപ്പെട്ട തരുണത്തില്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകന്‍ ആയിരുന്നു നവീന്‍ എന്നു അന്നു ഞാന്‍ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല”. ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ട് എന്നായിരുന്നു ദിവ്യ എസ് അയ്യര്‍ കുറിച്ചത്.

മന്ത്രി വീണ ജോര്‍ജും കണ്ണില്‍ ഈറനണിഞ്ഞുകൊണ്ടാണ് നവീന് ബാബുവിന് അന്തിമോപചാരമര്‍പ്പിച്ചത്. ബുധനാഴ്ചയാണ് നവീന്‍ ബാബുവിന്റെ മൃതദേഹം കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണി മുതല്‍ കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോവുമെന്നായിരുന്നു തീരുമാനം. നവീനെ അവസാനമായി ഒരുനോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളുടെ നീണ്ടനിരയാണ് കളക്ടറേറ്റിന് സമീപത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *