കോഴിക്കോട് കുന്ദമംഗലം പൊയ്യയിൽ ജലസോത്രസുകളിൽ ശുചിമുറി മാലിന്യം തള്ളുന്നവർക്കെതിരെ പോലിസ് കർശന നടപടി സ്വീകരിക്കുന്നില്ല. ആരോപണവുമായി കുന്ദമംഗലം പോലീസ് സ്റ്റേഷന് മുന്നിൽ ജനപ്രതിനിധികൾ പ്രതിഷേധം നടത്തി. കഴിഞ്ഞ കുറച്ചു കാലമായി പലപ്പോഴായി സാമൂഹ്യ വിരുദ്ധർ പൊയ്യയിൽ പൊതു സ്ഥലങ്ങളിൽ മാലിന്യനിക്ഷേപം നടത്തിയിരുന്നു. കേസ് അനേഷണം നടക്കുന്നുണ്ട് എന്നും മറ്റും പോലിസ് പറയുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി സംഭവത്തിൽ ഉണ്ടായിട്ടില്ല. ഇതിനെ കുറിച്ച് അറിയാൻ പോലിസ് സ്റ്റേഷനിൽ പോയതാണ് ജനപ്രതിനിധികൾ. എന്നാൽ ഉദ്യോഗസ്ഥരെ കാണാൻ സാധിച്ചില്ല. തുടർന്നായിരുന്നു പോലിസ് സ്റ്റേഷനിൽ കുത്തിയിരുപ്പ് പ്രതിഷേധം നടത്താൻ ഇവർ തീരുമാനിച്ചത്. പ്രദേശത്തെ വിവിധ കക്ഷി നേതാക്കളും പ്രതിഷേധത്തിനെത്തി.ബ്ലോക്ക് പ്രസിഡണ്ട് എ അലവിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എൻ ഷിയോ ലാൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം ധർമ്മരത് നൻ, സജിത ഷാജി, വിവിധ കക്ഷി പ്രതിനിധികളായ ഷിജു .എ പി ദേവദാസൻ,സത്യൻ പ്രസംഗിച്ചു. പോലിസ് കമ്മീഷണർ സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചാലെ പരിഞ്ഞു പോകുവെന്നും, അല്ലങ്കിൽ ശക്തമായ പ്രതിഷേധ സമരം നടക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ എ ഉമേഷ് സ്ഥലത്തെത്തി ചർച്ച നടത്തുകയും, കേസിൽ ഇതുവരെ ഉണ്ടായ അനേഷണവും മറ്റും വിവരിച്ചു. പ്രദേശത്തുള്ള മുഴുവൻ സി സി ടി വി ദൃശ്യങ്ങളും പോലിസ് പരിശോധിച്ചിട്ടുണ്ട്. നൈറ്റ് പട്രോളിംഗ് നടത്തുന്നതായും ചർച്ചയിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിക്കുയും തുടർ നടപടി ഉണ്ടാകണം എന്നും ജനപ്രതിനിധികൾ അറിയിച്ചു.

