കോഴിക്കോട് താമരശ്ശേരിയിലെ 9 വയസ്സുകാരിയുടെ മരണത്തിന് കാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ നിയമനടപടിയുമായി കുടുംബം. താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം തന്നെയാണ് കുട്ടി മരിച്ചതെന്ന് അമ്മ രംബീസ പ്രതികരിച്ചു. കൃത്യമായ ചികിത്സ മകൾക്ക് കൊടുത്തിട്ടില്ല. ഞങ്ങൾ നേരത്തെ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞു. മകൾക്ക് ക്ഷീണമുണ്ടെന്ന് പറഞ്ഞിട്ടുപോലും അവർ അവഗണിച്ചു. അതിൽ എനിക്ക് നഷ്ടമായത് എന്റെ മകളെയാണ്. അന്ന് മകളെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നും അമ്മ രംബീസ ആവശ്യപ്പെട്ടു. പിഴവ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പിയ്ക്ക് പരാതി നൽകി. ആരോഗ്യ വകുപ്പിനും കുടുംബം പരാതി നൽകും.
എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ന്യൂമോണിയയുടെ ലക്ഷണങ്ങൾ കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ലെന്നും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ഒപിയിലാണ് കുട്ടി ആദ്യം വന്നത്. മെഡിക്കൽ കോളജിലേക്ക് കുട്ടിയെ കൊണ്ടുപോകാൻ വൈകിയിട്ടില്ല. അരമണിക്കൂർ ആംബുലൻസ് വരാൻ കാത്തുനിന്നതല്ലാതെ വേറെ താമസം ഒന്നിനും ഉണ്ടായിട്ടില്ല. ഫോറെൻസിക്ക് റിപ്പോർട്ട് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് പരിശോധിക്കും അക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
ഓഗസ്റ്റ് 14 നാണ് ഒൻപത് വയസുകാരി അനയ മരിച്ചത്. പനിയെ തുടർന്ന് രാവിലെ പത്തേ കാലിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച അനയയെ ആരോഗ്യ നില മോശമായിട്ടും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന ഗുരുതര ആരോപണമായിരുന്നു മരണത്തിനു പിന്നാലെ കുടുംബം ഉന്നയിച്ചത്. അനയയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അമീബിക് മസ്തിഷ്ക ജ്വര നിഗമനത്തോടെയാണ് തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്.കുട്ടി കുളിച്ച അമീബയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാൽ പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയാണ് മരണകാരണം. ചികിത്സാ പിഴവ് ആരോപിച്ച് കഴിഞ്ഞ ആഴ്ചയാണ് കുട്ടിയുടെ പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിൽ നിന്ന് മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ല എന്ന് ഡോക്ടർമാർ അറിയിച്ചതായി കുട്ടിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടിയുടെ മരണകാരണം എന്തെന്ന് അറിയണമെന്നാവശ്യപ്പെട്ട് ചികിത്സാ പിഴവ് ആരോപിച്ച് പിതാവ് ഡോക്ടറെ ആക്രമിച്ചത് .
