തിരുവനന്തപുരം: കിഫ്ബി ക്രമക്കേടില് വിജിലന്സ് അന്വേഷണം ഉടന് ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിലെയും പാലക്കാട്ടെയും ഭൂമി വാങ്ങല് പരിശോധിക്കാനാണ് നീക്കം. പാര്ട്ടിക്കാരുടെ ഭൂമിക്ക് അഞ്ചിരിട്ടിയില് അധികം പണം നല്കി. അറുപതിനായിരം കോടി രൂപ ചെലവിട്ടത് പാര്ട്ടി താല്പര്യം സംരക്ഷിക്കാനാണെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് പരസ്യത്തിന് 200 കോടിയോളം കിഫ്ബി പണം ചെലവിട്ടെന്നും എല്ഡിഎഫ് മറുപടി പറയേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി.
കിഫ്ബി സര്ക്കാരിന് വന് ബാധ്യതയാണെന്നും ഈ രീതിയില് പ്രവര്ത്തനം തുടരേണ്ടതില്ലെന്നും സുധാപ്പിള്ള അധ്യക്ഷയായ സമിതി നല്കിയ റിപ്പോര്ട്ടിലുണ്ടായിരുന്നു. സമഗ്ര അഴിച്ചുപണി നിര്ദേശിക്കുന്നതാണ് വിദഗ്ധ സമിതി റിപ്പോര്ട്ട്. കിഫ്ബി സര്ക്കാരിന് കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. ഇത്രയും നാള് കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്ത്തിച്ചു. 99.4 ശതമാനം വരുമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടി ഉപയോഗിച്ചു. 25932.55 കോടിരൂപ കടമെടുപ്പ് പരിധിയില് കുറയ്ക്കാന് കിഫ്ബി കാരണമായെന്നും വി ഡി സതീശന് കുറ്റപ്പെടുത്തിയിരുന്നു. കിഫ്ബി പദ്ധതികള് ജില്ലാ അടിസ്ഥാനത്തില് അസമത്വമാണെന്നും ഭൂമി ഏറ്റെടുത്തതില് ക്രമക്കേടുകള് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു. ഇതില് വിശദമായ അന്വേഷണം നടത്തുമെന്നും വി ഡി സതീശന് പ്രതികരിച്ചിരുന്നു.
