ഷാരൂഖ് ഖാൻ ചിത്രം ‘പത്താനിലെ ‘ബേഷരം റംഗ്’ എന്ന ​ഗാനരം​ഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺ​ഗ്രസ്.ഗാനരംഗത്തിൽ ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വർഷങ്ങൾക്കു മുൻപ് കാവി വസ്ത്രം ധരിച്ച് ‘മിസ് ഇന്ത്യ’ മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോ പങ്കുവെച്ചാണ് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത തിരിച്ചടിച്ചത്.ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലിട്ട കുറിപ്പിന് മറുപടിയായിട്ടായിരുന്നു റിജു ദത്തയുടെ മറുപടി.

‘കാവിയെന്നത് നിങ്ങളുടെ പാർട്ടിയുടെ പിതൃസ്വത്താണെന്ന് വരുത്തിത്തീർക്കാനുള്ള ഈ അഭിനയം ആദ്യം നിർത്തൂ. രണ്ടാമതായി, ദീപികയെപ്പോലുള്ള സ്ത്രീകൾ കാവി വസ്ത്രം ധരിക്കുമ്പോൾ നിങ്ങൾക്ക് വലിയ പ്രശ്നമാണ്. അതേസമയം, സ്മൃതി ഇറാനി അത് ധരിച്ചാൽ യാതൊരു പ്രശ്നവുമില്ല. നിങ്ങൾക്ക് ഭാഗിക അന്ധതയുണ്ടെന്ന് ഞാൻ സംശയിക്കുന്നു. സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ ഒരു വനിത നയിക്കുന്ന പാർട്ടിയുടെ അംഗമാണ് ഞാൻ. നിങ്ങളാകട്ടെ, ബലാത്സംഗക്കേസിലെ പ്രതികളെ ‘സൻസ്കാരി ബ്രാഹ്മിൻസ്’ എന്ന് വിളിക്കുന്നവരുടെ പാർട്ടിക്കാരും,’ റിജു ദത്ത ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *