കോഴിക്കോട്: കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന അന്തർദേശീയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിഗ് ബോസ് താരം ബ്ലെസ്‌ലിയെ പോലീസ് കസ്റ്റഡി കാലാവധിക്ക് ശേഷം കോഴിക്കോട് കോടതിയിൽ ഹാജരാക്കി. ഈ മാസം ഒമ്പതാം തീയതി ചൈനയിൽ നിന്നും മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ബ്ലെസ്‌ലിയെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പിടികൂടിയത്.

കാക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബ്ലെസ്‌ലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടുകയും, ഈ തുക ക്രിപ്റ്റോ കറൻസിയാക്കി മാറ്റി വിദേശത്തേക്ക് കടത്തുകയുമായിരുന്നു പ്രതിയുടെ രീതി. കംബോഡിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു തട്ടിപ്പ് സംഘത്തിന്റെ പ്രധാന കണ്ണിയാണ് ബ്ലെസ്‌ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

കൊടുവള്ളി, താമരശ്ശേരി, കാക്കൂർ മേഖലകളിൽ നിന്ന് ധാരാളം പരാതികൾ ഉയർന്നതോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഡി.വൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചു. തട്ടിപ്പ് സംഘത്തിലെ ഉന്നതരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അവർ ഉടൻ തന്നെ പിടിയിലാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *