കോവിഡ് മൂന്നാം തരംഗത്തില്‍ സര്‍ക്കര്‍ നിഷ്‌ക്രിയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കിനേക്കാള്‍ നാലും അഞ്ചും ഇരട്ടി കോവിഡ്, ഒമിക്രോണ്‍ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒന്നും രണ്ടും തരംഗത്തില്‍ ഉണ്ടായതിനേക്കാള്‍ വ്യാപകമായി കോവിഡ് പടരുകയാണ്. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിലുണ്ടായ തയാറെടുപ്പുകള്‍ മൂന്നാം തരംഗത്തില്‍ സ്വീകരിക്കാതെ സംസ്ഥാന ആരോഗ്യ വകുപ്പ് നിശ്ചലമായിരിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കോ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കോ ഒരു പങ്കും ഇല്ലാത്ത തരത്തിലുള്ള സംവിധാനങ്ങളാണുള്ളത്. കോവിഡ് ബ്രിഗേഡുകളെ പോലും സര്‍ക്കാര്‍ പിരിച്ചുവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം പടരുമെന്ന മന്ത്രിയുടെ മുന്നറിയിപ്പല്ലാതെ രോഗം നേരിടാനുള്ള ഒരു മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
സ്വയം ടെസ്റ്റ് നടത്തി പുറത്തറിയിക്കാതെ പലരും മരുന്ന് കഴിച്ച് വീട്ടിലിരിക്കുകയാണ്. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്കുള്ള മരുന്നുകളും ആന്റി വൈറല്‍ മരുന്നുകളും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. രോഗം ഗുരുതരമായാല്‍ സാധാരണക്കാര്‍ പോലും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അപകടകരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം നേരത്തെ പ്രഖ്യാപിച്ച സമരപരിപാടികള്‍ മാറ്റിവച്ചത്. എന്നാല്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാട്ടുന്നത്. ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും ഇതുസംബന്ധിച്ച് ഗവേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ജനങ്ങള്‍ ഭയപ്പാടിലാണ്. എന്തു നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്‌കൂളുകള്‍ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുകയാണ്. ഇത്രയും രോഗവ്യാപനമുണ്ടായിട്ടും സ്‌കൂളുകള്‍ അടയ്ക്കാന്‍ 21-ാം തീയതി വരെ കാത്തിരിക്കുന്നത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു.
അശാസ്ത്രീയമായി ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനോട് പ്രതിപക്ഷം എതിരാണ്. കഴിഞ്ഞ തവണ ആറു ദിവസം തുറക്കേണ്ട കട ഒരു ദിവസം തുറന്നു. ആറു ദിവസം വരേണ്ടവരെല്ലാം ഒറ്റ ദിവസം വന്നു. കൂടുതല്‍ സമയം കടകള്‍ തുറന്ന് ആളുകള്‍ക്ക് വരേണ്ട സമയം നിശ്ചയിക്കുകയാണ് വേണ്ടത്. ജീവിതം പ്രയാസപ്പെടുത്തിയല്ല കോവിഡിനെ നേരിടേണ്ടത്. അതേസമയം സ്‌കൂളുകള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറുമ്പോള്‍ തുറന്നു വയ്ക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. ലോക് ഡൗണ്‍ ഒരു പരിഹാരമല്ല. ഇതൊരു ആരോഗ്യപ്രശ്നമാണ്. ആരോഗ്യ പ്രശ്നത്തെ ആരോഗ്യ പ്രശ്നമായി തന്നെ നേരിടണം. എന്നാല്‍ ക്രമസമാധാന പ്രശ്നമായാണ് കോവിഡിനെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാര്‍ ഗൗരവതരമായി എടുക്കാത്തതു കൊണ്ടാണ് സാധാരണക്കാര്‍ ഒമിക്രോണിനെ പോലും നിസാരമായി കണ്ടത്. സാധാരണക്കാര്‍ എവിടെ ചികിത്സയ്ക്കു പോകും? ചില പ്രദേശങ്ങളിലും ഒരു കുടുംബം മുഴുവന്‍ രോഗബാധിതരായി കഴിയുകയാണ്.
പ്രതിപക്ഷം സമരം മാറ്റിവച്ചിട്ടും ജില്ലാ സമ്മേളനങ്ങളും തിരുവാതിര കളിയുമായി സി.പി.എം മുന്നോട്ടു പോകുകയാണ്. തിരുവനന്തപുരത്ത് തിരുവാതിരകളി വിഷയമായിട്ടും തൃശൂരില്‍ തിരുവാതിര നടത്താനുള്ള ഒരുക്കത്തിലാണ്. ഇതാണോ തിരുവാതിര കളിക്കാന്‍ പറ്റിയ സമയം? പ്രതിപക്ഷം കാട്ടുന്ന ഉത്തരവാദിത്തം പോലും സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സി.പി.എം കാട്ടുന്നില്ല. പാലക്കാട് അതിര്‍ത്തിയില്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ വലഞ്ഞവര്‍ക്ക് അതു നല്‍കാന്‍ പോയ ജനപ്രതിനിധികള്‍ അടക്കമുള്ളവരെ മരണത്തിന്റെ വ്യാപാരികള്‍ എന്നു വിളിച്ചവരാണ് സി.പി.എം.ഇപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരികള്‍? വ്യാപകമായി സമ്മേളനം നടത്തി ആള്‍ക്കൂട്ടമുണ്ടാക്കിയത് ആരാണ്? 50 പേരില്‍ കൂടുതല്‍ മരണത്തിനോ വിവാഹത്തിനോ പങ്കെടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. ഇത് ഇരട്ടനീതിയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെതിരെ കേസെടുത്തോ? അഞ്ച് പേരെ വച്ച് പ്രതിപക്ഷം സമരം നടത്തിയിട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. സി.പി.എം സമ്മേളനം നടത്തി കോവിഡ് വ്യാപിപ്പിക്കുകയാണ് വി ഡി സതീശൻ പറഞ്ഞു