മലപ്പുറം: ദേശീയപാത 66 ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ട ചരക്കുലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ട മൂന്നുപേരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണു വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തിൽ മരിച്ചത്. ലോറി ഉടമ തൃശൂർ ചാലക്കുടി സ്വദേശി വടക്കുഞ്ചേരി ജോർജ്ജിന്റെ മകൻ അരുൺ ജോർജ് (22), ലോറി ഡ്രൈവർ തൃശൂർ ചാലക്കുടി കുണ്ടൂർ അലമറ്റം സ്വദേശി ചോലക്കൽ രാജപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ (49), മണ്ണാർക്കാട് കോട്ടോപ്പാടം ചിറ്റാടിമേലേ വീട്ടിൽ സേതുമാധവന്റെ മകൻ ശരത് (29), എന്നിവരാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് ആലുവയിലേക്ക് സവാളയുമായി വരികയായിരുന്ന ലോറി വട്ടപ്പാറ കൊടുംവളവിൽ നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിടിച്ച് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. കെ എൽ 30 ഡി 0759 എന്ന നമ്പറിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറിക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായില്ല. കോൺട്രാക്ടായി ഓടുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *