പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന്മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. കെ. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ അജണ്ടയുണ്ടെന്നും കോൺഗ്രസിനെ നശിപ്പിക്കാനാണ് കെ സുധാകരൻ്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ സമിതിയിലേക്ക് തന്നെ ക്ഷണിച്ചില്ല. അത് ശരിയായ കാര്യമല്ല. തന്റെ ശവമഞ്ചവുമായി പ്രതിഷേധിച്ചവർക്കെതിരെ പോലും നടപടിയെടുത്തില്ല. സിപിഎം പാർട്ടി കോൺഗ്രസിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും ഇന്ന് എഐസിസി നേതൃത്വത്തിനോട് വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. എന്റേത് മാത്രമല്ല, കെ.സുധാകരന്‍റെയും സാമ്പത്തികം അന്വേഷിക്കണം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടിയത് താന്‍ മാത്രമല്ല. തന്നെക്കാള്‍ പ്രായമുള്ളവര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്- കെവി തോമസ് കൂട്ടിച്ചേര്‍ത്തു.

‘എന്റെ കാര്യം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പുറത്താക്കാന്‍ നോക്കുന്നു. എന്നെ യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് എല്ലാ നേതാക്കള്‍ക്കും അറിയാം. അവര്‍ ചോദിക്കേണ്ടേ സുധാകരനോട് ഇക്കാര്യം? അതുണ്ടായില്ല. ഇത് ശരിയായ സമീപനമല്ല.
2018 മുതല്‍ തന്നെ പുറത്താക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എനിക്ക് പ്രായമായെന്നും ഏഴ് പ്രാവശ്യം ജയിച്ചെന്നും പറഞ്ഞാണ് പുറത്താക്കാനുള്ള നീക്കം നടത്തിയത്. ഞാന്‍ ഇവര്‍ക്ക് കണ്ണിലെ കരടാണ്. എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 2004-ല്‍ ഞാന്‍ ഐ ഗ്രൂപ്പ് വിട്ടത് ഒരു കാരണമാകും. ഇവര്‍ എത്ര ശ്രമിച്ചാലും മനസ്സ് കൊണ്ടും ശരീരംകൊണ്ടും ഞാന്‍ കോണ്‍ഗ്രസുകാരനാണ്’, തോമസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *