കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ ഒരേ ബാച്ചിലെ മൂന്ന് പൂർവവിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിലെ വിജയവും ഒരുമിച്ച്. 2015-19 ബാച്ചിലെ വിദ്യാർത്ഥികളാണ് അപൂർവ നേട്ടം കൈവരിച്ചത്. ഫെബിൻ ജോസ് തോമസ്, ഷിൽജ ജോസ്, അമൃത സതീപൻ എന്നിവരാണ് വിജയത്തിലും സൗഹൃദം കാത്തുസൂക്ഷിച്ചത്. ഇവരിൽ ഫെബിനും ഷിൽജയും മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലും അമൃത ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലുമാണ് ബി ടെക് പൂർത്തിയാക്കിയത്. ഇപ്പോൾ നാഗ്പൂരിലെ നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടാക്‌സിൽ പരിശീലനം നേടുന്ന ഫെബിൻ യു പി എസ് സി സിവിൽ സർവീസ് പരീക്ഷയിൽ 133-ാം റാങ്ക് കരസ്ഥമാക്കി. ഇന്ത്യൻ പോലീസ് സർവീസിൽ ചേരാൻ ആഗ്രഹിക്കുന്ന ഫെബിൻ 2022 പരീക്ഷയിലും സിവിൽ സർവീസ് നേടിയിരുന്നു. കഴിഞ്ഞ തവണ 254-ാം റാങ്ക് നേടിയ ഫെബിൻ നിലവിൽ ഇന്ത്യൻ റവന്യൂ സർവീസസിൽ (ഇൻകം ടാക്സ്) ട്രെയിനിങിലാണ്. സിവിൽ സർവീസ് എന്നത് ഒൻപതാം ക്ലാസുമുതലുള്ള തന്റെ സ്വപ്നമാണ് എന്നും ആ സ്വപ്നത്തിന് ചിറകുകൾ വന്നത് എൻഐടിസിയിലെ മൂന്നാമത്തെയും നാലാമത്തെയും വർഷങ്ങളിലായിരുന്നു എന്നും ഫെബിൻ പറഞ്ഞു. ഗൗരവമായ പഠനത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ ലൈബ്രറിയിൽ സ്ഥിരമായി പത്രങ്ങളും പുസ്തകങ്ങളും വായിക്കാൻ ധാരാളം സമയം ചിലവഴിച്ചിരുന്നതായും സമാന സ്വപ്നങ്ങളുള്ള സുഹൃത്തുക്കളുടെ പിന്തുണ ആഗ്രഹത്തിന് ആക്കം കൂട്ടി എന്നും അദ്ദേഹം പറഞ്ഞു.ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയായ അമൃത സതീപൻ ആദ്യ ശ്രമത്തിലാണ് സിവിൽ സർവീസ് നേട്ടം കൈവരിച്ചത്. ഒഡീഷയിലെ വേദാന്ത അലൂമിനിയത്തിൽ നിന്ന് ടെക്‌നിക്കൽ അനലിസ്റ്റന്റ് ജോലി രാജിവെച്ചതിന് ശേഷമാണ് അമൃത തയ്യാറെടുപ്പ് തുടങ്ങിയത്. സ്‌കൂൾ കാലം മുതലുള്ള സിവിൽ സർവീസ് സ്വപ്നം കരുത്താർജ്ജിച്ചത് എൻ ഐ ടി സി കാലഘട്ടത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാനും ഇത്തരം നിർണായക പ്രവർത്തനങ്ങളിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പങ്ക് മനസിലാക്കാനും കഴിഞ്ഞതോടെയാണെന്ന് അമൃത പറഞ്ഞു. ആത്മവിശ്വാസം, ആശയവിനിമയത്തിനുള്ള കഴിവുകൾ തുടങ്ങിയവ വളർത്തിയെടുക്കുന്നതിൽ എൻഐടിസി നിർണായക പങ്ക് വഹിച്ചതായും കാമ്പസിലെ സമാന ചിന്താഗതിക്കാരായ നിരവധി ആളുകളുടെ സഹവാസം തന്റെ സ്വപ്നത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു എന്നും അവർ കൂട്ടിച്ചേർത്തു.നിലവിൽ ബാംഗ്ലൂരിലെ ടെക് സിസ്റ്റംസിൽ മെക്കാനിക്കൽ ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഷിൽജ ജോസ്, സുഹൃത്തുക്കളായ അമൃതയ്ക്കും ഫെബിനും ഒപ്പം സിവിൽ സർവിസ് നേടാനായതിന്റെ സന്തോഷത്തിലാണ്. “ഞങ്ങളുടെ ക്യാമ്പസ് ദിവസങ്ങളിൽ എല്ലാവരും തന്നെയും അമൃതയെയും ഇരട്ടകൾ എന്നാണ് വിളിച്ചിരുന്നത് എന്നും സിവിൽ സർവീസ് തയ്യാറെടുപ്പിനാവശ്യമായ പിന്തുണ സഹപാഠിയായ ഫെബിൻ തന്നിരുന്നു എന്നും ഷിൽജ പറഞ്ഞു. കോഴിക്കോട് എൻ ഐ ടിയിലെ വിവിധ ബാച്ചുകളിലെ പൂർവ വിദ്യാർഥികൾ സർക്കാർ, സ്വകാര്യ മേഖലകളിൽ നേതൃനിരയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സിവിൽ സർവീസ് നേട്ടം എൻഐടിസിയുടെ കിരീടത്തിലെ പൊൻ തൂവലാണെന്നും എൻ ഐ ടി സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.പല പൂർവ്വ വിദ്യാർത്ഥികളും നിലവിൽ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് മേഖലയിലും മറ്റ് സിവിൽ സർവീസ് മേഖലകളിലും സേവനം ചെയ്യുന്നുണ്ടെന്ന് ഇൻ്റർനാഷണൽ, അലുംനി, കോർപ്പറേറ്റ് റിലേഷൻസ് ഡീൻ പ്രൊഫ. എം കെ രവി വർമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *