കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലാണ് പരിശോധന.
ബീമുകള്‍ തകര്‍ന്നുവീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

പാലം നിര്‍മാണത്തില്‍ അപാകതയുണ്ടായോ എന്നും പരിശോധിക്കും. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രം പണിക്കിടെ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അറിയിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് ചാലിയാര്‍ പുഴയ്ക്ക് കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണത്. 2019 മാര്‍ച്ച് മാസത്തിലാണ് 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ പാലത്തിന്റ പണി തുടങ്ങിയത്.
പാലത്തിന്റെ പ്രധാന മൂന്ന് ബീമുകളാണ് തകര്‍ന്ന് വീണത്. 25 ലക്ഷം രൂപ വീതം ചെലവിട്ട് നിര്‍മിച്ച ബീമുകളാണ് തകര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *