തിരുവനന്തപുരം: കേരളത്തിൻ്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് മന്ത്രിസഭയിൽ വി ഡി സതീശൻ അടക്കമുള്ള 19 പേരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ട് പേരാണ് വ്യത്യസ്തരായി നിന്നത്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് കന്നിവിജയം നേടിയ സി പി ജോൺ, ചവറയിൽ നിന്ന് മൂന്നാമതും ജയിച്ച ഷിബു ബേബി ജോൺ എന്നിവരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.
ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി കെ മുരളീധരനും വ്യത്യസ്തനായി. മുരളീധരൻ്റെ സത്യപ്രതിജ്ഞ നിറഞ്ഞ കയ്യടികളോടെയാണ് ജനം സ്വീകരിച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ, സെക്രട്ടേറിയറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര അർലേക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആറ് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഒരു യുഡിഎഫ് മന്ത്രിസഭ മുഖ്യമന്ത്രിയോടൊപ്പം ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
