വയോജനങ്ങൾ, ആശാവർക്കർമാർ, അംഗനവാടി വർക്കർമാർക്കുമായി മറ്റ് പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രഖ്യാപനങ്ങൾ നടത്തിയത്. ആശാ വർക്കമാരുടെ വേതനവർധന, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി ഡി. സതീശൻ നടത്തിയത്.
മറ്റ് പ്രഖ്യാപനങ്ങൾ
*വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് ജപ്പാൻ മോഡലിൽ നടപ്പിലാക്കും. വയോജനങ്ങളെ കരുതലോടെ ചേർത്ത് പിടിക്കാൻ പദ്ധതികൾ ഉണ്ടാകും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. ഇതിനുമുൻപ് ഇത് വിജയകരമായി നടപ്പിലാക്കിയത് ജപ്പാനിലാണ്.
*ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കും. ആദ്യഘട്ടത്തിൽ 3000 രൂപ വർധിപ്പിക്കും. ഇതോടെ ഓണറേറിയം 12000 ആകും. വിരമിക്കൽ അനുകൂല്യത്തിൻ്റെ കാര്യം പിന്നീട് തീരുമാനിക്കും.
*അംഗനവാടി ജീവനക്കാരുടെയും പാചക തൊഴിലാളികളുടെയും വേതനത്തിൽ 1000 രൂപ വർധന.
ഇന്ന് രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ രാജേന്ദ്ര അർലേക്കർ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വി ഡി സതീശൻ മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
