സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ലീഗല്‍ നോട്ടീസയച്ച് മുന്‍ ഹൈക്കോടതി ജഡ്ജി. കര്‍ണാടക, ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിള്‍ എഫ് സല്‍ദാനയാണ് സഭാ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സല്‍ദാന വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘത്തിന്റെ തലവനും, അപ്പോസ്തലിക് നണ്‍സിയോക്കും ലീഗല്‍ നോട്ടീസയച്ചു.

വത്തിക്കാനില്‍ നിന്നും സിസ്റ്റര്‍ ലൂസിക്കെതിരായ കത്തയച്ചത് റോമിലെ ഓഫീസ് അടച്ചിട്ട സമയത്താണെന്നും, കത്ത് വ്യാജമാണോ എന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് സല്‍ദാന പറയുന്നു. വിഷയം കോടതി കൈകാര്യം ചെയ്യട്ടെയെന്നും, സിസ്റ്റര്‍ ലൂസിക്ക് വേണ്ടി ഹാജരാകുമെന്നും സല്‍ദാന മാധ്യമങ്ങളോട് പറഞ്ഞു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് മറ്റ് സന്യാസിനിമാര്‍ക്ക് അയച്ച കത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചെന്ന് അവകാശപ്പെടുന്നത്. അപ്പൊസ്‌തോലിക് സെന്ന്യൂറ എന്നാണ് കോടതി അറിയപ്പെടുന്നത്.

സഭാ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും സന്യാസിനി സമൂഹത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് അനുസരിച്ച് പോകില്ലെന്നും ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ നേരത്തെ പുറത്താക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വത്തിക്കാനിലെ കോടതിയെ സിസ്റ്റര്‍ ലൂസി കളപ്പുര സമീപിച്ചത്. ഇത്തരമൊരു ഉത്തരവിന്റെ കാര്യം തനിക്കറിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *