യുഡിഎഫ് പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത നടപടിക്രമത്തെ വിമര്‍ശിച്ച് ഘടകകക്ഷി നേതാവ് കൂടിയായ മാണി സി കാപ്പന്‍ രംഗത്ത്. വി ഡി സതീശനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുത്തതില്‍ തനിക്ക് അഭിപ്രായഭിന്നത ഇല്ലെന്നും അതേസമയം തെരഞ്ഞെടുത്ത രീതിയോട് വിയോജിപ്പ് ഉണ്ടെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാണി സി കാപ്പന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേതൃത്വത്തെ തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിലെ ഒരു പ്രശ്‌നത്തില്‍ പരസ്യ വിമര്‍ശനവുമായി ഇതാദ്യമായാണ് കാപ്പന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മാണി സി കാപ്പന്‍ തന്റെ നിലപാട് തുറന്നുപറഞ്ഞത്. എന്നാല്‍ വി ഡി സതീശന്‍ നല്ല നേതാവാണ് എന്നും ഇക്കാര്യത്തില്‍ തനിക്ക് അഭിപ്രായഭിന്നത ഇല്ല എന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. മികച്ച പ്രവര്‍ത്തനമാണ് വി ഡി സതീശന്‍ നിയമസഭയില്‍ കാഴ്ചവെക്കുന്നത് എന്നും മാണി സി കാപ്പന്‍ പറഞ്ഞു.
അതേസമയം കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്ത രീതിയോട് മാണി സി കാപ്പന്‍ പൂര്‍ണമായും യോജിപ്പ് പ്രകടിപ്പിച്ചു. എല്ലാവരുമായും ആശയവിനിമയം നടത്തിയാണ് കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്തത് എന്ന് മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. നേതൃത്വത്തില്‍ പല തട്ടിലുമുള്ള ഗ്രൂപ്പ് പോര് പ്രതിസന്ധി ആകില്ല എന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ താഴെതട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചതായും ഇതിനെ സ്വാഗതം ചെയ്യുന്നതായും മാണി സി കാപ്പന്‍ പറഞ്ഞു. പാലായില്‍ അടക്കം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നതായി തനിക്ക് നേരിട്ട് അനുഭവമുണ്ട്.
വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത രീതിയില്‍ അതൃപ്തി പരസ്യമാക്കിയ ശേഷമാണ് മാണി സി കാപ്പന്‍ യുഡിഎഫ് നേതൃത്വം എടുത്ത മറ്റൊരു തീരുമാനത്തില്‍ കൂടി തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സംഘം വയനാട് സന്ദര്‍ശിച്ചത് ചൂണ്ടിക്കാട്ടിയാണ് മാണി സി കാപ്പന്റെ വിമര്‍ശനം. യുഡിഎഫ് സംഘം മുട്ടില്‍ സന്ദര്‍ശിച്ചത് താന്‍ ടിവിയിലൂടെ ആണ് അറിഞ്ഞത് എന്ന് മാണി സി കാപ്പന്‍ തുറന്നടിച്ചു. തന്നോട് യുഡിഎഫ് നേതൃത്വത്തിലെ ആരും മുട്ടില്‍ സന്ദര്‍ശിക്കുന്നതിനായി പറഞ്ഞില്ല. എന്ത് കൊണ്ടാണ് പറയാഞ്ഞത് എന്ന് അറിയില്ല.
ഇനി ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചോദിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. യുഡിഎഫ് കണ്‍വീനറേ തെരഞ്ഞെടുക്കുമ്പോള്‍ കൂടിയാലോചന ഉണ്ടാകണം. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും പിന്നാലെ യുഡിഎഫ് കണ്‍വീനറെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് മാണി സി കാപ്പന്‍ നിലപാട് വ്യക്തമാക്കിയത്.
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്ത മാതൃകയില്‍ എല്ലാവരുമായും കൂടിയാലോചന നടത്തണമെന്ന് മാണി സി കാപ്പന്‍ ആവശ്യപ്പെട്ടു. നേരത്തെ മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയത് അന്നു പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ കൊണ്ടു കൂടിയായിരുന്നു. അന്ന് രമേശ് ചെന്നിത്തലയാണ് മാണി സി കാപ്പന്റെ പാര്‍ട്ടിക്ക് രണ്ട് നിയമസഭാ സീറ്റ് നല്‍കാനും നീക്കം നടത്തിയത്.
എലത്തൂരിലെ സീറ്റ് മാണി സി കാപ്പന്റെ പാര്‍ട്ടിക്ക് നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ആശയ ഭിന്നത ഉടലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രമേശ് ചെന്നിത്തലയെ നീക്കിയ നടപടിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മാണി സി കാപ്പന്‍ രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചത് ആയിരുന്നു എന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി.