പാലക്കാട് കുഴൽമന്ദത്ത് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.ഡ്രൈവർ കുറെക്കൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കുഴല്‍ മന്ദത്ത് ദേശീയ പാതയില്‍ ഫെബ്രുവരി ഏഴിനാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു യുവാക്കളുടെ ജീവനാണ് നഷ്ടമായത്. 304 എ ചുമത്തി കേസെടുത്ത് ബസ് ഡ്രൈവര്‍ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ തുടരന്വേഷണം ആവശ്യപ്പെട്ട് മരിച്ച യുവാക്കളുടെ മാതാപിതാക്കള്‍ രംഗത്തെത്തുകയായിരുന്നു.

മൂന്നു ദൃക്സാക്ഷികൾ നല്‍കിയ മൊഴിയുടെയും സംഭവ സ്ഥലത്തുനിന്നും ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഐപിസി 304 വകുപ്പ് കൂട്ടിച്ചേര്‍ത്തത്. ഔസേപ്പിനെതിരെ പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എം സുകുമാരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.ബസ് ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പിനെതിരെ മനപ്പൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവര്‍ ഇപ്പോള്‍ സസ്പന്‍ഷനിലാണ്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *