പിഎം ശ്രീ തുടരാനുള്ള തീരുമാനത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത നിലപാടുമായി കെഎസ്‌യു. ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ കാലങ്ങളിൽ കെഎസ്‌യു അത് ചെയ്തിട്ടില്ല. ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. സംഘപരിവാറിന്‍റെ പിഎം ശ്രീ പദ്ധതിക്കെതിരെ തെരുവിൽ സമരം ചെയ്ത് തല്ലുകൊണ്ടവരാണ് കെഎസ്‍യുക്കാര്‍ എന്നും അലോഷ്യസ് സേവ്യർ ഓര്‍മ്മിപ്പിച്ചു. പിഎം ശ്രീ സംഘപരിവാറിൻ്റെ കുഞ്ഞെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കാൻ കെഎസ്‍യു പഠിച്ചിട്ടില്ല. കഴിഞ്ഞകാലങ്ങളിലും കെഎസ്‍യു അത് ചെയ്തിട്ടില്ല, ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. പിഎം ശ്രീ സംഘപരിവാറിന്‍റെ കുഞ്ഞാണ്. ഇന്ത്യയുടെ പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ളത്. പാഠപുസ്തകങ്ങളിൽ നിന്ന് ജവഹർലാൽ നെഹ്റു മുതൽ മൗലാനാ അബ്‍ദുൾ കലാം ആസാദ് വരെയുള്ള നിരവധിയായ മനുഷ്യരെയും നയിച്ച രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രംവും മായ്ച്ചുകളഞ്ഞ് വരാനിരിക്കുന്ന തലമുറയെ കാവിവൽക്കരിക്കാനുള്ള നീക്കത്തോടാണ് എൽഡിഎഫ് സർക്കാർ അന്ന് പൊരുത്തപ്പെട്ടത്ത്.
ജനങ്ങൾ യുഡിഎഫിനെ അധികാരത്തിലേറ്റിയത് സംഘപരിവാറിന് വിധേയപ്പെട്ട പിണറായി വിജയൻ സർക്കാരിന്‍റെ നയങ്ങളോടുമുള്ള ശക്തമായ വിയോജിപ്പ് കൊണ്ടുകൂടിയാണ്. അത് യുഡിഎഫ് നേതൃത്വം മനസിലാക്കുന്നുണ്ടെന്ന് തന്നെയാണ് കെഎസ്‍യു വിശ്വസിക്കുന്നത്. മുൻ സർക്കാർ ഒപ്പിട്ട പദ്ധതിയിൽ നിന്ന് പിൻമാറാൻ സംസ്ഥാന സർക്കാരിനുണ്ടാകുന്ന മുഴുവൻ സാങ്കേതിക ബുദ്ധിമുട്ടുകളും കെഎസ്‍യുവിന് ബോധ്യമുണ്ട്, മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാനുള്ള തീരുമാനത്തെ കെഎസ്‍യു സ്വാഗതം ചെയ്യുന്നു.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വെറും സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വിഷയത്തിൽ വ്യക്തമായ രാഷ്ട്രീയ നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ ഫേസ്ബുക്കിൽ കുറിച്ചു. മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ തീരുമാനങ്ങളെ ശക്തമായി പ്രതിരോധിച്ചവരാണ് കെഎസ്‌യു എന്നും ആ നിലപാടിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ താല്പര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാടായിരിക്കണം സർക്കാർ സ്വീകരിക്കേണ്ടതെന്നും വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകൾ അവഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണാവകാശം സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്ന് ജവാദ് പുത്തൂർ ഓർമ്മിപ്പിച്ചു. മുൻ എൽ.ഡി.എഫ്. സർക്കാർ മന്ത്രിസഭയെയും ജനങ്ങളെയും ഇരുട്ടിലാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്തവരാണ് കെഎസ്‌യു.
വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ന് യു.ഡി.എഫ്. സർക്കാരിനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഫെഡറൽ സംവിധാനങ്ങളെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും കാറ്റിൽപ്പറത്തുന്ന കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ സമീപനത്തിനെതിരെ കേരളത്തിന്റെ ശബ്ദം ശക്തമായി ഉയരണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
