മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുവെന്ന് ഫര്‍സീന്‍ അറിയിച്ചു. ഈ മാസം 16 മുതല്‍ രണ്ടാഴ്ചത്തേക്കാണ് യാത്രാ വിലക്ക്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഇ-മെയില്‍ സന്ദേശം ലഭിച്ചുവെന്നും ഫര്‍സീന്‍ പറഞ്ഞു.

സംഭവത്തില്‍ സ്വാഭാവികമായ നീതി ലഭ്യമായെന്നും ഫര്‍സീന്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ അക്രമം നടത്താന്‍ കയറിയവരാണെന്ന് കേരള പൊതുസമൂഹത്തില്‍ ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. അത് ഇന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പോലീസിന് ഞങ്ങള്‍ കൊടുത്ത പരാതി സ്വീകരിച്ചില്ല. പക്ഷേ, വിരമിച്ച ജില്ലാ ജഡ്ജിയുടെ അന്വേഷണ കമ്മറ്റിയാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നീതി അന്യമല്ല എന്നുള്ളത് തന്നെയണ് വ്യക്തമാകുന്നതെന്നും ഫര്‍സീന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്ത ശേഷം പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയരാജന്‍ തള്ളിയിടുകയായിരുന്നു. എന്നാല്‍, വിലക്ക് സംബന്ധിച്ച അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ പി ജയരാജന്റെ പ്രതികരണം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു. ഇതു സംബന്ധിച്ച് ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതിയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെ പോലീസ് കേസ് എടുത്തപ്പോള്‍ ഇപിക്കെതിരേ കേസെടുക്കണ കോണ്‍ഗ്രസ് ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *