മുംബൈ ഗൊരേഗാവിലുള്ള ഫിലിം സിറ്റിയിൽ പുള്ളിപ്പുലി. ഞായറാഴ്ച രാത്രിയാണ് ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്ന സെറ്റിനുള്ളിൽ പുള്ളിപ്പുലി കയറിയത്. അടുത്തകാലങ്ങളിലായി മുംബൈയിലെ പല ജനവാസ മേഖലകളിലും പുലികൾ ഇറങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഫിലിം സിറ്റിക്കുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തിയതോടെ സിനിമ പ്രവർത്തകരും തൊഴിലാളികളും പരിഭ്രാന്തിയിലായി. പുള്ളിപ്പുലിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവം പുറത്തുവന്നതോടെ ഭരണ തലത്തിലെ വ്യത്യസ്ത വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഫിലിം സിറ്റിയിൽ എത്തി പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ പാതി ഭക്ഷിച്ച ഒരു നായയുടെ ജഡവും സെറ്റിന് സമീപത്തു നിന്ന് കണ്ടെത്തിയതായി മഹാരാഷ്ട്ര വനം വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പുലി വീണ്ടും എത്തുമോയെന്ന ഫിലിം സിറ്റിയിൽ ജോലി ചെയ്യുന്നവർക്ക് ഉണ്ടെന്ന് ഓണററി വൈൽഡ് ലൈഫ് വാർഡനായ പവൻ ശർമ പറഞ്ഞു.
സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ അതിർത്തിയോട് ചേർന്നാണ് വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഫിലിം സിറ്റി പ്രവർത്തിക്കുന്നത്. പുള്ളിപ്പുലികൾ ധാരാളമുള്ള മേഖലയാണ് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം. വാർത്തയറിഞ്ഞ പ്രദേശവാസികൾ പരിഭ്രാന്തിയിലാണെങ്കിലും നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നു. പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
വനമേഖലയിൽ ഇരയെ പിടികൂടുകയെന്നത് ശ്രമകരമായതിനാലാം വേഗത്തിൽ കീഴടക്കാവുന്ന നായയെ തേടി പുലി ഫിലിം സിറ്റിയിൽ പ്രവേശിച്ചത് എന്നാണ് അനുമാനം. ഈ ഭാഗത്ത് ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നുണ്ട്. ജനങ്ങൾക്കായി പ്രത്യേക മാർഗനിർദേശങ്ങളും വനംവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽക്കൂടി പരമാവധി കൂട്ടമായി തന്നെ നടക്കാൻ ആളുകൾ ശ്രദ്ധിക്കണം. ഇരുട്ടുള്ള ഭാഗത്തേക്ക് പോകാതിരിക്കുക. പോകുന്നെണ്ടിൽ ടോർച്ച് കരുതുകയും മൊബൈൽ റേഡിയോ കഴിയുമെങ്കിൽ ഓൺ ചെയ്തു സൂക്ഷിക്കുകയും ചെയ്യണമെന്നും നിർദേശിക്കുന്നു.
English Summary: Leopard
