ജനങ്ങള്‍ക്ക് സ്വന്തം അനുഭവത്തില്‍ നിന്ന് നേരിട്ട് ബോധ്യപ്പെടുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സംസ്ഥാനത്ത് സംഭവിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. പഞ്ചായത്ത് തലം മുതല്‍ പ്രകടമായ മാറ്റമാണ് സംസ്ഥാനത്ത് സംഭവിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി മുതല്‍ സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലും, ഓഫീസ് കെട്ടിടങ്ങളിലും വരെ ഈ മാറ്റം കാണാനാകുമെന്നും സമസ്ത മേഖലയുടെയും വികസനത്തിലൂടെ ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ വിതരണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു
85 ലക്ഷം കുടുംബങ്ങള്‍ക്ക് കഴിഞ്ഞ മാസം റേഷന്‍ വിതരണം ചെയ്തതായും, രാജ്യത്ത് അതിദരിദ്രര്‍ ഇല്ലാത്ത ഒരേ ഒരു സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.
പാറശ്ശാലയില്‍ പുതിയ അഗ്‌നിരക്ഷാ നിലയം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഗ്‌നിരക്ഷാ നിലയത്തിനായി പാറശ്ശാല ഗ്രാമപഞ്ചായത്ത് അനുവദിച്ച സ്ഥലത്തില്‍ 2021-22 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് പുതിയ നിലയത്തിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ട് നിലകളിലായി 640 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഓഫീസ് ഏരിയ, ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ സ്റ്റോര്‍ മുറികളും വാച്ച് റൂമും നാല് ഫയര്‍ ട്രക്കുകള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്. ഒന്നാം നിലയിലാണ് ഫയര്‍മാന്‍മാരുടെ വിശ്രമ മുറി സജ്ജീകരിച്ചിട്ടുള്ളത്.
സി. കെ ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍.മഞ്ചുസ്മിത സ്വാഗതം ആശംസിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെന്‍ഡാര്‍വിന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനിതകുമാരി, പാറശ്ശാല ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആര്‍.ബിജു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.റ്റി അനിതറാണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വീണ.എസ്, ക്ഷേമകാര്യ സ്‌റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. ശ്രീധരന്‍, ബ്ലോക്ക് അംഗം വൈ.സതീഷ്, അഗ്‌നിരക്ഷാ വകുപ്പ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്, റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുല്‍ റഷീദ്, ജില്ലാ ഫയര്‍ ഓഫീസര്‍ സൂരജ്, സ്റ്റേഷന്‍ ഓഫീസര്‍ യേശുദാസ്, അഗ്‌നിരക്ഷാ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ രാജി ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
