ഷാജഹാന്‍ വധക്കേസില്‍ നാലു പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണു,സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരാണ് ഈ പ്രതികള്‍. മലമ്പുഴയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കേസില്‍ ഇതുവരെ എട്ടുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

മുഖ്യപ്രതി ഉള്‍പ്പെടെ 4 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരന്‍ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീന്‍ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഇവരെ പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അതേസമയം, ഉന്നത ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലയാളി സംഘം ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു പറഞ്ഞു. രാഷ്ട്രീയ വിരോധമാണ് കൊലക്ക് കാരണം.കൊലപാതക ശേഷം ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയത് ആര്‍.എസ്.എസ്സാണെന്നും ഇ എന്‍ സുരേഷ്ബാബു മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രതികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ആര്‍ എസ് എസ്സിന്റെ പരിശീലനം ലഭിച്ചവരാണ് പ്രതികള്‍.

കൊലപാതകരീതി തന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ വിരോധം തന്നെയാണ് കൊലപാതകത്തിന് കാരണം. എഫ്‌ഐആറില്‍ ബി ജെ പി പ്രവര്‍ത്തകര്‍ എന്ന് വ്യക്തമാക്കുന്നുണ്ട്’, ഇ എന്‍ സുരേഷ്ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *