പ്രിയാവര്‍ഗീസിന് മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് നിയമോപദേശം. വിസിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാതെയാണ് ഗവര്‍ണര്‍ ഉത്തരവു പുറപ്പെടുവിച്ചത്. ഇതു നിയമവിധേയമല്ലെന്നാണു നിയമോപദേശം.
ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഇന്നു ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നാളെ സര്‍വകലാശാല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയില്‍ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചാണ് നിയമന നടപടി മരവിപ്പിച്ച് കൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ നടപടി.
കണ്ണൂര്‍ സര്‍വകലാശാലയുടെ 1996ലെ ആക്ട് പ്രകാരമാണ് നടപടി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്. നിയമനത്തെ ന്യായീകരിച്ചുകൊണ്ടുള്ള വൈസ് ചാന്‍സലറുടെ വാദങ്ങള്‍ തള്ളി കൊണ്ടാണ് ഗവര്‍ണറുടെ നടപടി.
അതേസമയം, കണ്ണൂര്‍ സര്‍വകലാശാലാ വിവാദത്തില്‍ ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിച്ച് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന പ്രിയ വര്‍ഗീസ് രംഗത്തെത്തി. ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ നടപ്പിലായത് എന്ന് പ്രിയ വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചു. ചുരുക്കപ്പട്ടികയിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പ് നിയമോപദേശത്തിന് വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ. കെ. രാഗേഷിന്റെ ഭാര്യ എന്ന നിലയില്‍ സര്‍വ്വകലാശാലയില്‍ നിന്ന് എനിക്ക് ലഭിച്ചത്. നാളെ ഇതേപ്പറ്റിയുള്ള മറ്റൊരു കുറിപ്പെഴുതുമെന്നും അവര്‍ പറയുന്നു.
