
സിഡബ്ല്യുആർഡിഎം വരിട്ട്യാക്കിൽ താമരശ്ശേരി റോഡിൻ്റെ രണ്ടാംഘട്ട പ്രവർത്തിക്കുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി പി.ടി.എ റഹിം എംഎൽഎ അറിയിച്ചു. 2016-17 ബജറ്റ് പ്രസംഗത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപ അനുവദിക്കുകയും പിന്നീട് 40.57 കോടി രൂപയായി ഉയരുകയും ചെയ്ത ഈ റോഡിൻ്റെ ഒന്നാം ഘട്ട പ്രവർത്തി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത് 2024 നവംബർ 26നാണ്. 17 കീ.മീറ്റർ നീളത്തിലുള്ള ഈ റോഡ് നവീകരിച്ചതോടെ കുന്നമംഗലം, കൊടുവള്ളി ജംഗ്ഷനുകളിൽ പ്രവേശിക്കാതെ കോഴിക്കോട് നിന്ന് താമരശ്ശേരിയിലേക്ക് എത്തുന്നതിനുള്ള പ്രധാന ബൈപ്പാസായി ഈ റോഡ് മാറിയിരിക്കുകയാണ്. വാഹനത്തിരക്ക് ഏറിയതോടെ റോഡിൻ്റെ വശങ്ങളിൽ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടണമെന്ന പൊതു ആവശ്യം ഉയർന്നുവന്നതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട പ്രവർത്തിക്കുള്ള നടപടികൾ ആരംഭിച്ചത്. കോഴിക്കോട് ജില്ലയിൽ അപ്ഗ്രേഡ് ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ച മൂന്ന് റോഡുകളിലൊന്നായ ഈ പാതയുടെ വിഷയം വിശദമായി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർക്ക് 30-07-2025ലെ പിഎസ്2/249/2025/പൊ.മ.വ കത്ത് പ്രകാരം സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി താമരശ്ശേരി ലിങ്ക് റോഡിന് ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൻ സിഡബ്ല്യുആർഡിഎം വരിട്ട്യാക്കിൽ താമരശ്ശേരി റോഡിൻ്റെ രണ്ടാം ഘട്ട പ്രവർത്തിക്ക് പ്രസക്തിയേറുകയാണ്. ഈ രണ്ട് പദ്ധതികളും സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിച്ച് പ്രാവർത്തികമാക്കുന്നതോടെ വയനാട് ഭാഗത്തുനിന്ന് കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്നവർക്കും തിരിച്ചുവരുന്നവർക്കും നാഷനൽ ഹൈവേയിൽ ഏറെ തിരക്കുള്ള കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരി ജംഗ്ഷനുകളിൽ പ്രവേശിക്കാതെ യാത്ര ചെയ്യാൻ സാധ്യമാകുമെന്നും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.
