ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന പ്രചരണം തെറ്റിദ്ധാരണജനകമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന പ്രചാരണം കണ്ണില്‍ പൊടിയിടല്‍ ആണെന്നും ഇന്ധന വില കുറയണമെങ്കില്‍ സെസ് ഒഴിവാക്കിയാല്‍ മതിയെന്നും മന്ത്രി ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയും എന്നത് കണ്ണില്‍ പൊടിയിടലാണ്. സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് അതിലൂടെ കുറയുക. പെട്രോളിയം ഇന്ധനങ്ങളും മദ്യവും മാത്രമാണ് നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താവുന്ന ഇനങ്ങള്‍. അതുകൂടി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും. അതുകൊണ്ട് കേരളം മാത്രമല്ല, യുപി, ബിഹാര്‍ തുടങ്ങിയ മിക്ക സംസ്ഥാനങ്ങളും നിര്‍ദേശത്തെ എതിര്‍ത്തു- ബാലഗോപാല്‍ പറഞ്ഞു.
ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. വെളിച്ചെണ്ണയുടെ നികുതി ഉയര്‍ത്തുന്നതിനെ കേരളവും ഗോവയും തമിഴ്‌നാടും എതിര്‍ത്തു. എല്ലാ സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. വരുമാന ചോര്‍ച്ചയും എല്ലാ സംസ്ഥാനങ്ങളും ഉന്നയിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ബാലഗോപാല്‍ മാധ്യമങ്ങളെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *