പിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ യുവാവ് പിടിയില്‍. ഏഴംകുളം സ്വദേശി സന്തോഷിനെയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സന്തോഷ് ഭാര്യ വിദ്യയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. കലഞ്ഞൂരിലെ വീട്ടില്‍ താമസിക്കുകയായിരുന്ന വിദ്യയുടെ രണ്ട് കൈകളും ഇയാള്‍ വടിവാള്‍ കൊണ്ട് വെട്ടിമാറ്റി. തലമുടിയും മുറിച്ചെടുത്തു. തലയിലും വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് വിദ്യയുടെ പിതാവ് വിജയനെയും ആക്രമിച്ചു. വിജയന്റെ പുറത്താണ് വെട്ടേറ്റത്. വിദ്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ സന്തോഷ് വടിവാളുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ കയറിയത് അടുക്കള വഴി. വിദ്യ ട്യൂഷനെടുത്ത് വരുന്ന വഴി കൊല്ലാനായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറിയത്.കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേർപിരിഞ്ഞ് കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്.
സംഭവത്തിനുശേഷം രക്ഷപ്പെട്ട സന്തോഷിനെ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കൂടല്‍ പോലീസ് അടൂരില്‍നിന്ന് പിടികൂടിയത്. വിവിധ സ്‌റ്റേഷനുകളിലെ പോലീസിന്റെ സഹായത്തോടെയും മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലുമാണ് ഇയാള്‍ പിടിയിലായത്.

ഏഴംകുളം സ്വദേശിയായ സന്തോഷും കലഞ്ഞൂര്‍ സ്വദേശിയായ വിദ്യയും ആറുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ഒരുവര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് രണ്ടുപേരും അകന്നുതാമസിച്ചുവരികയായിരുന്നു.

അതേസമയം വിദ്യയുടെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. അറ്റുപോയ കൈകൾ തന്നിച്ചേർത്തു. യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *