ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്. അടുത്തമാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന ലോക കേരളസഭാ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശ യാത്രയക്ക് അനുമതി തേടിക്കൊണ്ട് കേന്ദ്രത്തിന് സംസ്ഥാനം അപേക്ഷ നൽകി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെയാണ് മന്ത്രിമാരുടെ അടുത്ത വിദേശ യാത്ര.
രണ്ട് മേഖലാ സമ്മേളനങ്ങൾ വിദേശത്ത് വച്ച് നടത്തുവാൻ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. അതിൽ രണ്ടാമത്തേതാണ് അടുത്തമാസം സൗദിയിൽ വെച്ച് നടക്കുക. അതോടൊപ്പം കേരളത്തിൽ വച്ച് പ്രധാന സമ്മേളനവും ഈ വർഷം തന്നെ നടക്കും. ലോക കേരള സഭയുടെ നടത്തിപ്പിലേക്ക് രണ്ടരക്കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പരസ്യ പ്രചാരണം, ലോക കേരളസഭയിൽ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിദഗ്ദരെ കണ്ടെത്തുക, ഭക്ഷണം മറ്റുചെലവുകൾ ഉൾപ്പടെയാണ് രണ്ടരക്കോടി രൂപ അനുവദിച്ചത്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെങ്കിലും ലോകകേരളാ സഭയുടെ മേഖലാ സമ്മേളനങ്ങൾ കൃത്യമായി നടക്കണമെന്ന നിലപാട് തന്നെയാണ് സർക്കാരിന് ഉള്ളത്. അതുകൊണ്ട് തന്നെ ലോക കേരള സഭയ്ക്ക് വേണ്ടി ധനവകുപ്പ് കൂടുതൽ പണം മാറ്റി വെക്കുമെന്നാണ് സൂചന