2026 ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇസ്രയേൽ യോഗ്യത നേടിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് സ്പാനിഷ് സർക്കാർ വക്താവ് പാറ്റ്‌സി ലോപ്പസ്. ലോകകപ്പ് കിരീടം നേടാൻ ഏറെ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് സ്‌പെയ്ൻ.

പലസ്തീനിൽ വംശഹത്യ തുടരുന്ന ഇസ്രയേലിനെ ഒരു കായിക ടൂർണമെന്റിലും പങ്കെടുപ്പിക്കരുതെന്നും ലോപ്പസ് പ്രസ്താവിച്ചു. ഗസയിലെ ഇസ്രയേലിന്റെ നടപടികളുടെ പേരിൽ അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നിന്ന് ഇസ്രായേലിനെ ഒഴിവാക്കണമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആവശ്യപ്പെട്ടു.

2022 ൽ അയൽരാജ്യമായ യുക്രയ്‌നിനെ ആക്രമിച്ചതിനെ തുടർന്ന് ഫിഫയും യുവേഫയും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റഷ്യയെ വിലക്കിയ പോലെ തന്നെ ഇസ്രയേലിനെയും പരിഗണിക്കണമെന്ന് സാഞ്ചസ് പറഞ്ഞു.. ഇസ്രയേൽ നിലവിൽ യോഗ്യതാ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. എങ്കിലും യോഗ്യത നേടാനുള്ള സാധ്യത ബാക്കിയിട്ടുണ്ട്. ഗ്രൂപ്പിൽ ഒന്നാമതുള്ള നോർവേയേക്കാൾ ആറ് പോയിന്റ് പിന്നിലാണ് അവർ. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയുമായി പോയിന്റ് നിലയിൽ അവർ തുല്യരാണ്.

ഗ്രൂപ്പ് ജേതാക്കൾക്ക് മാത്രമേ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാൻ കഴിയൂ. മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിച്ച് ഏറ്റവും മികച്ച രണ്ടാം സ്ഥാനക്കാർക്ക് യോഗ്യത നേടാൻ അവസരമുണ്ട്. സാഞ്ചസ്, ലോപ്പസ് എന്നിവരുടെ അഭിപ്രായങ്ങളോട് ഫിഫയും യുവേഫയും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *