കനത്തമഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ ചെമ്പില്‍ കയറി എത്തി താലിക്കെട്ടി ആലപ്പുഴയിലെ വധൂവരന്‍മാര്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ക്ഷേത്രത്തില്‍ വച്ച് തന്നെ വിവാഹം കഴിക്കണമെന്ന വധൂവരന്മാരുടെ ആഗ്രഹം സഫലമാക്കാനാണ് ഇരുവരെയും ചെമ്പില്‍ കയറ്റി വിവാഹ പന്തലില്‍ എത്തിച്ചത്

ആലപ്പുഴ തലവടിയിലാണ് സംഭവം.തകഴി സ്വദേശിയായ ആകാശിന്റേയും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയുടേയും വിവാഹമാണ് നടന്നത്. തലവടി പനയന്നൂര്‍ക്കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ താലിക്കെട്ട്. കനത്തമഴയെ തുടര്‍ന്ന് മണിമലയാറിലും പമ്പയിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്് അപ്പര്‍കുട്ടനാട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. തലവടി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇതോടെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്ന ക്ഷേത്ര പരിസരവും വെള്ളത്തിന്റെ അടിയിലായി. ഇതോടെ ചെമ്പില്‍ വധൂവരന്മാരെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തീരുമാനിക്കുകയായിരുന്നു. കല്യാണം നടന്ന ഓഡിറ്റോറിയത്തില്‍ വേദിയുടെ താഴെ വരെ വെള്ളക്കെട്ടാണ്. കല്യാണം കഴിഞ്ഞ് ഇരുവരെയും ചെമ്പില്‍ തന്നെ തിരികെ കൊണ്ടുപോയി.താലിക്കെട്ടിന് ശേഷം ചെമ്പില്‍ ഇരുന്നുകൊണ്ട് തന്നെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വിവാഹ വസ്ത്രത്തില്‍ ഒരു തുള്ളിവെള്ളം പോലും വീഴാതെ ഒപ്പമുള്ളവര്‍ വലിയ പിന്തുണ നല്‍കി. ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *