” വീടിനു മുന്നിലൂടെ മഴവെള്ളം കുത്തിയൊലിച്ചൊഴുകുന്ന വിഡിയോ അവള് അയച്ചുതന്നിരുന്നു. അപ്പോള്‍ത്തന്നെ അവിടന്നു മാറാന്‍ ഞാന്‍ പറഞ്ഞതാണ്. പിന്നെ അവരെ വിളിക്കാനായില്ല, പലവട്ടം ശ്രമിച്ചെങ്കിലും റേഞ്ച് കിട്ടുന്നുണ്ടായിരുന്നില്ല” – സിയാദ് പറഞ്ഞു.
സിയാദിന്റെ ഭാര്യ ഫൗസിയയും രണ്ടു മക്കളും ബന്ധുക്കലുമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്.
ദുരന്തത്തിനു തൊട്ടു മുന്‍പ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫൗസിയ വാട്സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്സാന് ഫൈസല്‍ എന്നിവരെയും വിഡിയോയില്‍ കാണാം. വിഡിയോ പകര്‍ത്തി മിനിറ്റുകള്‍ക്കകം വീടും 5 കുടുംബാംഗങ്ങളെയും ഉരുള്‍പൊട്ടൽ കൊണ്ടുപോയി . പിതൃസഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്, ഫൗസിയ മക്കളെയും കൂട്ടി രണ്ടു ദിവസം മുമ്പ് കൊക്കയാര്‍ പൂവഞ്ചിയില്‍ എത്തിയത്.
സിയാദ് ഉടന്‍ തന്നെ വീട്ടിലേക്കു തിരിച്ചെങ്കിലും വഴിയെല്ലാം താറുമാറായതിനാല്‍ എത്താനായില്ല. ഒടുവില്‍ എത്തിയപ്പോഴാകട്ടെ, കണ്ടത് മണ്‍കൂമ്പാരം മാത്രം. ഫൗസിയ, അമീന്, അമ്ന എന്നിവരുടെ ശരീരം ഏതാനും മണിക്കൂറുകള്‍ക്കകം കണ്ടെത്തി. അഫ്സര, അഫിയാന്‍ എന്നിവരുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്താൻ സാധിച്ചത്.