കൂട്ടിക്കല്‍ കാവാലിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കൂട്ടിക്കൽ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി മാര്‍ട്ടിന്‍(45), മക്കളായ സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയിൽ 2 കല്ലറകളിലായി സംസ്കരിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാൽ പള്ളിയിൽ തന്നെയായിരുന്നു പൊതുദർശനം.മഴയെ അവഗണിച്ച് നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മണ്ണിടിച്ചിലിലാണ് മാർട്ടിന്റെ കുടുംബം ഒന്നാകെ അകപ്പെട്ട് പോയത്. ശനിയാഴ്ച തന്നെ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചു. ഇന്നലെയാണ് മാർട്ടിൻ, സ്നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചത്. തുടർന്ന് ഒരുമിച്ച് സംസ്കാരം നടത്താൻ നിശ്ചയിക്കുകയായിരുന്നു.
