പാലക്കാട് മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പിവി അൻവറിന്‍റെ സ്ഥാനാര്‍ത്ഥി യുഡിഎഫിന് ഗുണം ചെയ്യുമെന്നും എൽഡിഎഫിന്‍റെ വോട്ടുകള്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥി ഭിന്നിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.പാലക്കാട്ടെ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ പേരിൽ ഷാഫി പറമ്പിൽ എംപിയെ വേട്ടയാടരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഒരു നേതാവിനോടും ഇതുവരെ സീറ്റ് ചോദിച്ചിട്ടില്ല. പാര്‍ട്ടി തന്നോട് പാലക്കാട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനുസരിച്ചാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. ധര്‍മ്മടത്ത് മത്സരിക്കാൻ പറഞ്ഞാല്‍ അതിനും താൻ തയ്യാറാണ്. പാര്‍ട്ടി പറയുന്നകാര്യം അനുസരിക്കുന്ന പ്രവര്‍ത്തകനാണ് താൻ. തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റിയിൽ പോലും ഷാഫി പറമ്പില്‍ ഇല്ല.തന്‍റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഷാഫിയെ വേട്ടയാടരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലുണ്ട്. എന്നാൽ, അടിയുറച്ച ഇടതുപക്ഷക്കാരുടെ വോട്ട് യുഡിഎഫിന് ലഭിക്കും. യുഡിഎഫിൽ നിന്ന് വിട്ട് ഇടതു സ്വതന്ത്രനായി പി സരിൻ മത്സരിക്കുന്നതിനെക്കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. വര്‍ഗീയതയും മതേതരത്വവും തമ്മിലാണ് പാലക്കാട്ടെ മത്സരം. സരിൻ പ്രിയ സുഹൃത്താണെന്നും തന്‍റെ ഈ പോരാട്ടത്തിൽ സരിൻ ഒപ്പം കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *