കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ കെ എസ് ആർ ടി സി ബസിൽ നിന്ന് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഒക്കൽ ശ്രീനാരായണ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

മഞ്ഞപ്പെട്ടിയിൽ നിന്നാണ് വിദ്യാർത്ഥിനി ബസിൽ കയറിയത്. മുടിക്കൽ പെരിയാർ ജംഗ്ഷനിൽ വച്ച് ബസിൻറെ മുൻവശത്തെ വാതിൽ തുറന്നുപോയതോടെ പെൺകുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ, പാലക്കാട് ജില്ലയിൽ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയിൽപ്പെട്ട് വയോധിക മരിച്ചു. കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷന് സമീപത്തെ വാട്ടർ ടാങ്ക് റോഡിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു ഇവർ. ലോറി അടിത്തെത്തിയപ്പോൾ പെട്ടെന്ന് മാറാനുള്ള ഇവരുടെ ശ്രമം വിഫലമാവുകയും ഇവർ ലോറിയുടെ അടിയിൽപ്പെടുകയുമായിരുന്നു. അപകടത്തെ തുടർന്ന് ഇവർ തത്ക്ഷണം മരിച്ചു.

തിരുവില്വാമലയിൽ ബൈക്ക് അപകടത്തിൽ മറ്റൊരു വയോധികയും മരിച്ചു. പെരുമ്പ്ര നാരായണൻ നായരുടെ ഭാര്യ നളിനി (68) യാണ് മരിച്ചത്. ഇന്നലെ രാത്രി കാട്ടുകുളം ഇറക്കത്തിൽ വെച്ചാണ് സംഭവം. അയ്യപ്പൻ വിളക്കിനോട് അനുബന്ധിച്ചുള്ള പഞ്ചവാദ്യം കണ്ട് വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ പിന്നിൽ നിന്ന് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനെതിരെ കേസെടുക്കുമെന്ന് പഴയന്നൂർ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *