പാലക്കാട്: സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നതായി പാലക്കാട് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര. പരാതി കിട്ടിയവയിലെല്ലാം കൃത്യമായ പരിശോധന നടത്തിയിട്ടുണ്ട്. കൃത്യമായ ഇടപെടലുകളുണ്ടാകും. പൂര്‍ണമായും സുതാര്യമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഇരട്ട വോട്ടെന്ന ആക്ഷേപമുള്ളവ പ്രത്യേക ലിസ്റ്റായി മാറ്റും. ഇത്തരത്തിലുള്ളവര്‍ വോട്ടു ചെയ്യാന്‍ വന്നാല്‍ അതിന് കൃത്യമായ നടപടിക്രമമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച നടപടിക്രമം അനുസരിച്ചു മാത്രമേ അവര്‍ക്ക് വോട്ടു ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന് കലക്ടര്‍ വ്യക്തമാക്കി.
മറ്റൊരു മണ്ഡലത്തില്‍ വോട്ടുണ്ടെന്നുള്ളത് മറച്ചുവെച്ച് ബോധപൂര്‍വം വോട്ടു ചെയ്യാന്‍ വന്നാല്‍ അത് ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടിക്രമത്തിന് വിധേയമാകുന്ന കുറ്റമാണ് എന്നും കലക്ടര്‍ പറഞ്ഞു. ഇരട്ട വോട്ടു വന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച കണ്ടെത്തിയാല്‍ അതില്‍ അന്വേഷണവും നടപടിയും ഉണ്ടാകും.
ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് കൃത്യമായി പരിശോധിച്ചിട്ടുണ്ട്. ആരെങ്കിലും മാനിപ്പുലേഷന് ശ്രമിച്ചാല്‍ ക്രിമിനല്‍ നടപടി പ്രകാരം കുറ്റമാണ്. ബിഎല്‍ഒ അടക്കം ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ അതില്‍ നടപടി സ്വീകരിക്കും. പ്രത്യേക ലിസ്റ്റിലുള്ളവര്‍ വോട്ടു ചെയ്യാന്‍ എത്തിയാല്‍ അവരുടെ ഒപ്പും ഫോട്ടോയും എടുത്ത്, അവരുടെ രേഖകളെല്ലാം വിശദമായി പരിശോധിച്ച ശേഷമാകും വോട്ടു ചെയ്യാന്‍ അനുവദിക്കുകയെന്നും ജില്ലാ കലക്ടര്‍ ചിത്ര അറിയിച്ചു.