കൊച്ചി: ദത്തെടുക്കപ്പെട്ട കുട്ടി എല്ലാ അർത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയാണെന്നും, സർക്കാർ രേഖകളിൽ ‘ദത്തുപുത്രി’ അല്ലെങ്കിൽ ‘ദത്തുപുത്രൻ’ എന്നീ വിശേഷണങ്ങൾ ഒഴിവാക്കണമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടു. മകൻ അല്ലെങ്കിൽ മകൾ എന്ന് മാത്രം രേഖപ്പെടുത്തിയാൽ മതിയെന്ന് വ്യക്തമാക്കിയ കോടതി, ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ ഇതിനായുള്ള ഓപ്ഷൻ സർക്കാർ ഉടൻ നീക്കം ചെയ്യണമെന്നും നിർദ്ദേശം നൽകി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഈ സുപ്രധാന വിധി.

ഒരു മാസം പ്രായമുള്ളപ്പോൾ ദത്തെടുക്കപ്പെട്ട യുവതി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിരീക്ഷണം. 2023-ൽ അമ്മ മരിച്ചപ്പോൾ ലഭിച്ച അനന്തരാവകാശ സർട്ടിഫിക്കറ്റിൽ യുവതിയെ ‘മകൾ’ എന്ന് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ഒരു വർഷത്തിന് ശേഷം പിതാവ് മരിച്ചപ്പോൾ നൽകിയ സർട്ടിഫിക്കറ്റിൽ ‘ദത്തുപുത്രി’ എന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ചില ബന്ധങ്ങൾ ജനനത്തിലൂടെയും മറ്റുചിലത് ദത്തെടുക്കലിലൂടെയുമാണ് ഉണ്ടാകുന്നത്. വഴികൾ വ്യത്യസ്തമാണെങ്കിലും ‘മകൾ’ അല്ലെങ്കിൽ ‘മകൻ’ എന്ന പദത്തിൽ ആ വ്യത്യാസം കാണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരിക്ക് നേരത്തെ നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കിയ കോടതി, ‘ദത്തുപുത്രി’ എന്നതിന് പകരം ‘മകൾ’ എന്ന് രേഖപ്പെടുത്തി പുതിയ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

1956-ലെ ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് ആക്ട് സെക്ഷൻ 12, 2015-ലെ ബാലനീതി നിയമം എന്നിവ പ്രകാരം ദത്തെടുക്കൽ പൂർത്തിയാകുന്നതോടെ ജന്മം നൽകിയ കുട്ടികൾക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളും ദത്തെടുത്ത കുട്ടിക്ക് ലഭിക്കുമെന്ന് കോടതി ഓർമ്മിപ്പിച്ചു. ദത്തെടുക്കുന്ന തീയതി മുതൽ ജന്മം നൽകിയ കുടുംബവുമായുള്ള എല്ലാ നിയമപരമായ ബന്ധങ്ങളും സ്വത്തവകാശങ്ങളും അവസാനിക്കുകയും, കുട്ടി പുതിയ കുടുംബത്തിലെ പൂർണ്ണ അവകാശിയായി മാറുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *