തിക്കോടി പഞ്ചായത്ത് ഓഫിസിന് സമീപത്ത് നിന്ന് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി സ്വദേശി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാര്‍ (31) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചയാണ് നന്ദകുമാര്‍ മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു

തിക്കോടി കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണപ്രിയ(22)യെ ആണ് നന്ദകുമാര്‍ വെള്ളിയാഴ്ച തീ കൊളുത്തി കൊലപ്പെടുത്തിയത്.വെള്ളിയാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിനു മുന്നില്‍വച്ചായിരുന്നു സംഭവം.
തിക്കോടി പഞ്ചായത്തിലെ താൽകാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. സംസാരിച്ചുകൊണ്ടിരിക്കെ, കയ്യിൽ കരുതിയ കുപ്പിയിൽനിന്നും പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്തിൽ ഒഴിച്ചശേഷം ബാക്കി പെട്രോൾ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് നന്ദകുമാർ തീകൊളുത്തുകയുമായിരുന്നു.നിലവിളികേട്ട് ഓഫീസില്‍നിന്ന് ഓഫീസ് അസിസ്റ്റന്റ് ഗോവിന്ദനും നാട്ടുകാരും ഓടിയെത്തി വെള്ളം കോരിയൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ യുവതി മരിക്കുകയായിരുന്നു.

നന്ദകുമാര്‍ നാട്ടില്‍ കൂലിപ്പണി ചെയ്തുവരികയായിരുന്നു. ഈ മാസം ഒമ്പതിനാണ് കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസില്‍ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായി താത്കാലിക ഒഴിവിലേക്ക് നിയമിക്കപ്പെട്ടത്.

നന്ദകുമാറിന് കൃഷ്ണപ്രിയയോടുള്ള താത്പര്യവും തുടര്‍ന്നുള്ള അഭിപ്രായവ്യത്യാസവുമാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *