ഫെബ്രുവരി 15ന് ഉള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടാകുമെന്നും അതുകൊണ്ട് തന്നെ അടുത്ത ഒരു മാസം നിർണായകമായിരിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്.
മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തീവ്ര വ്യാപനത്തിലേക്ക് സംസ്ഥാനം കടന്നുവെന്നും കൊവിഡിന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദമാണ് നിലവിൽ സംസ്ഥാനത്ത് പടരുന്നതെന്നും
വീണാ ജോർജ് അറിയിച്ചു. പനിയും പനി ലക്ഷണങ്ങളും ഉള്ളവർ അത് അവഗണിക്കരുത്. അത്തരക്കാർ പൊതു സമ്പർക്കം ഒഴിവാക്കണം. ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രികളിൽ ചികിത്സ തേടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം. പ്രായമുള്ളവരും മറ്റു രോഗങ്ങൾ ഉള്ളവരും കർശന ജാഗ്രത പുലർത്തണം. പോസിറ്റീവ് ആയവർ കൃത്യമായ വിശ്രമം എടുക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭാ യോഗവും വിലയിരുത്തി. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തൂീരുമാനം. കർശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വർധിച്ച് വരുന്ന കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ആശുപത്രികൾ സജ്ജ്‌മാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യത്തിന് ഐസിയു, വെന്റിലേറ്റർ എന്നിവയുടെ സൗകര്യമുണ്ട്.
ഡെൽറ്റയെക്കാൾ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോൺ. കേരളത്തിൽ ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളിൽ അഞ്ച് മുതൽ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ഈ ഘട്ടത്തിൽ N95 അല്ലെങ്കിൽ ഡബിൾ മാസ്ക് തന്നെ ധരിക്കണമെന്ന് മന്ത്രി ആവർത്തിച്ചു. കണ്ണിന് കാണാൻ സാധിക്കാത്ത ചെറിയ ഡ്രോപ്ലെറ്റ്സിൽ നിന്ന് പോലും വൈറസ് പടർന്ന് പിടിക്കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണമെന്ന് മന്ത്രി പറയുന്നു.
