കൊച്ചി: നടി അപർണ്ണ ബാലമുരളിക്ക് കഴിഞ്ഞ ദിവസം എറണാകുളം ലോ കോളേജ് ഉദ്ഘാടന വേദിയിൽ ഒരു വിദ്യാർത്ഥിയിൽ നിന്നും നേരിട്ട അനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയൻ രംഗത്ത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് യൂണിയൻ സംഭവത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് പോസ്റ്റിന് ആധാരമായ സംഭവം ഉണ്ടായത്. എറണാകുളം ലോ കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിൽ ആയിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കയ്യിൽ ബലമായി പിടിച്ച വിദ്യാർഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും രോഷം അടക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. വിനീത് ശ്രീനിവാസൻ അടക്കം ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു.
യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി ആയിരുന്നു അപർണ കോളേജിൽ എത്തിയത്. നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും മറ്റ് അണിയറ പ്രവർത്തകരും നടിക്ക് ഒപ്പം ഉണ്ടായിരുന്നു. അപർണയ്ക്ക് പൂവ് നൽകാനായി വേദിയിൽ എത്തിയ വിദ്യാർത്ഥി, നടിയുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു. യുവാവ് വീണ്ടും തോളിൽ കയ്യിടാൻ ഒരുങ്ങുമ്പോൾ അപർണ വെട്ടിച്ച് മാറുന്നതും ‘എന്താടോ ഇത് ലോ കോളേജ് അല്ലെ’ എന്ന് ചോദിക്കുന്നുമുണ്ട്. ശേഷം സംഘാടകരിൽ ഒരാളായ വിദ്യാർത്ഥി അപർണയോട് മാപ്പ് ചോദിക്കുന്നുമുണ്ട്.
എന്നാൽ വീണ്ടും വേദിയിൽ എത്തി വിദ്യാർത്ഥി താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ ആതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് യുവാവ് വിനീതിന് കൈ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കൈകൊടുക്കാത്ത വിനീത്, കുഴപ്പമില്ല പോകൂ എന്ന് പറഞ്ഞ് വിദ്യാർത്ഥിയെ അയക്കുന്നതും വീഡിയോയിൽ കാണാം.
നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ എത്തും. ശ്യാം പുഷ്‍കരന്റേതാണ് തിരക്കഥ. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ആണ് തങ്കം നിർമ്മിക്കുന്നത്.