ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് ഉച്ചവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2:30 വരെയാണ് അവധി. നേരത്തെ, പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രതിഷ്ഠാ ദിനമായ 22ന് എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ഉച്ചയ്ക്ക് 2.30 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഉച്ചക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണ് പ്രതിഷ്ഠാ ദിന ചടങ്ങ്. അതേസമയം, പ്രതിഷ്ഠാ ദിനത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരില്‍ നിന്ന് പ്രധാനമന്ത്രി അഭിപ്രായം തേടി. ദീപാവലി പോലെ ചടങ്ങ് ഗംഭീരമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. വിളക്ക് വയ്ക്കുന്നതിനൊപ്പം അന്നദാനവും നടത്തണം. പൊതു ജനങ്ങള്‍ക്കായി ക്ഷേത്രം തുറന്ന് കഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ നിന്ന് ആളുകളെ അയോധ്യയിലേക്ക് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.അതേസമയം സൈബര്‍ ആക്രമണ സാധ്യത മുന്നില്‍ കണ്ട് അത് തടയാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അയോധ്യയിലേക്ക് സൈബര്‍ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ച് നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. ഇതിനിടെ പ്രതിഷ്ഠാ ദിന സ്മരണിക സ്റ്റാമ്പും സര്‍ക്കാര്‍ പുറത്തിറക്കി. രാമക്ഷേത്രം, സരയൂ നദി, ഹനുമാന്‍, ജഡായു തുടങ്ങി ആറ് ചിത്രങ്ങള്‍ സ്റ്റാമ്പുകളായി പ്രധാനമന്ത്രിയാണ് പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *