പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കളും പ്രചാരണം കൊഴുപ്പിക്കാൻ കേരളത്തിലേക്ക് .അമിത് ഷാ, യോ​ഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാ​ഗമാകും. തലസ്ഥാനത്ത് അമിത് ഷായും പാലക്കാട് യോ​ഗി ആദിത്യനാഥും പങ്കെടുക്കും. മറ്റ് പാർട്ടികളിൽ നിന്നും നിരവധി പേർ യാത്രയിൽ ബിജെപി അം​ഗത്വം സ്വീകരിക്കുമെന്നും പാര്‍ട്ടി അവകാശപ്പെട്ടു. യാത്രയുടെ ഒരുക്കങ്ങൾ ദേശീയ നേതൃത്വം വിലയിരുത്തി. പദയാത്രയോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടം സംസ്ഥാനത്ത് പൂർത്തിയാക്കുകയാണ് ലക്ഷ്യം.നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാർത്തകൾ ബിജെപി തള്ളി. മോദി മത്സരിക്കുമെന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ജന സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. അതേസമയം മോദിയെ മുൻനിർത്തി തന്നെയായിരക്കും കേരളത്തിലെ ബിജെപിയുടെ പ്രചാരണം. ഇത്തവണ തെക്കേ ഇന്ത്യയിലും മോദി മത്സരിക്കുമെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ അത് തിരുവനന്തപുരമായിരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. തെക്കേ ഇന്ത്യയിൽ ആവേശമാകുമെന്നും തിരുവനന്തപുരത്ത് മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നും ചില നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാൽ തലസ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി മോദിയില്ലെന്ന് വ്യക്തമാക്കുകയാണ് ബിജെപി ദേശീയ നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *