തൃശൂർ: നവമാധ്യമങ്ങളിൽ പ്രചരിച്ച തൃശൂരിലെ മർദ്ദന ദൃശ്യങ്ങളിലെ ലോറി ഡ്രൈവർക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്. ആലപുഴ സ്വദേശി സുരേഷ് കുമാറിനെതിരെ ഒല്ലൂർ പൊലീസാണ് കേസെടുത്തത്. ലോറി ഡ്രൈവറെ കുട്ടിയുടെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്നു എന്ന പേരിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്. ഡ്രെവറുടെ പരാതിപ്രകാരം കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തേക്കും.
ഡിസംബർ നാലിനായിരുന്നു സംഭവമുണ്ടായത്. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഡ്രൈവറുടെയും മർദ്ദിച്ചയാളുടെയും വിവരങ്ങൾ ശേഖരിച്ചു. കുട്ടിയെ ഉപദ്രവിച്ചതിനാണ് ഡ്രൈവറെ തല്ലിയതെന്ന് കുട്ടിയുടെ പിതാവ് മൊഴി നൽകുകയായിരുന്നു. ഒല്ലൂരിൽ പിആർ പടിയിൽ പെട്രോൾ പമ്പിൽ എത്തിയ പത്താംക്ലാസ് വിദ്യാർത്ഥിയെയാണ് ലോറി ഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ഓടിയെത്തി. ഇതോടെ കടന്നു കളഞ്ഞ ഡ്രൈവറെ ട്രാൻസ്‌പോർട്ട് കമ്പനിയിലെത്തിയാണ് പിതാവ് മർദ്ദിച്ചത്.
