തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കെഎസ്ആര്‍ടിഇഎ രംഗത്ത്. ശമ്പള വിതരണം സംബന്ധിച്ച കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവ് പ്രകാരം എല്ലാ യൂണിറ്റിലും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച പ്രക്ഷോഭങ്ങള്‍ നടത്തുന്നത്.കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ വ്യവസായ-തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ 10,000 ജീവനക്കാരുടെ കത്തയക്കല്‍ ക്യാംപയിന്‍ നടത്തും. ചീഫ് ഓഫീസില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സികെ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ തിരുവനന്തപുരം നഗരത്തില്‍ നിന്നും പ്രതിഷേധ പ്രകടനമായി ചീഫ് ഓഫീസില്‍ എത്തിയാണ് പ്രതിഷേധ ധര്‍ണ നടത്തുന്നത്.

അതേസമയം ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം മാനേജ്മെന്റിന്റേതാണെന്നും സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നും മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഇത് തല്‍ക്കാലത്തേക്കുള്ള അഡ്ജസ്റ്റ്മെന്റാണ്. ഇത്തരം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാനേജ്മെന്റിനുണ്ട്. ടാര്‍ജറ്റ് അനുസരിച്ച് ശമ്പളം നല്‍കാനുള്ള തീരുമാനവും നയപരമായിരുന്നില്ല. അതും മാനേജ്മെന്റിന്റെ തീരുമാനമാണ്. ഇങ്ങനെ തീരുമാനമെടുക്കുമ്പോള്‍ മന്ത്രിയെ അറിയിക്കേണ്ടതില്ലെന്നും ആന്റണി രാജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *